മലയാളത്തിന്റെ പ്രിയനടന് ക്യാപ്റ്റന്‍ രാജു മണ്മറഞ്ഞിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും നന്മ നിറഞ്ഞ ഓര്മ നിമിഷങ്ങളാണ്. സ്നേഹത്തിന്റെ നിറകുടമായിരുന്ന ക്യാപ്റ്റന്‍ രാജുവിനെക്കുറിച്ച് ഷെഫ് സുരേഷ് പിള്ളയ്ക്കുമുണ്ട് ഒരിക്കലും മറക്കാത്തൊരു ഓര്മ.
അഞ്ഞൂറു രൂപയുടെ ടിപ് തന്ന ക്യാപ്റ്റന്‍ രാജുവിനെയാണ് സുരേഷ് പിള്ള ഓര്‍ത്തെടുക്കുന്നത്. 2000ത്തില്‍ ബെംഗളൂരുവിലെ കോക്കനട്ട് ഗ്രോവില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ക്യാപ്റ്റന്‍ രാജു. മെനുവിലുണ്ടായിരുന്നത് കരിമീന്‍ പൊള്ളിച്ചത് ആയിരുന്നുവെങ്കിലും അദ്ദേഹത്തിന് വേണ്ടിയിരുന്നത് കോട്ടയം മപ്പാസായിരുന്നു. തിരക്കിനിടയില്‍ അതു തയ്യാറാക്കിക്കൊടുത്ത സന്തോഷത്തിനാണ് അദ്ദേഹം അഞ്ഞൂറു രൂപ ടിപ് തന്നതെന്ന് സുരേഷ് പിള്ള പറയുന്നു.
അടുക്കളയില്‍ നിന്നും വിളിച്ചുവരുത്തി പ്രത്യേകം അഭിനന്ദിച്ച ശേഷമാണ് സ്നേഹത്തോടെ അഞ്ഞൂറു രൂപ തന്നത്. ഇരുപതു രൂപയും അമ്പതു രൂപയുമൊക്കെ തരുന്ന ഗസ്റ്റുകളെ കൈകൂപ്പി വണങ്ങിയിരുന്ന കാലത്താണ് ഇതെന്ന് ഓര്മ വേണമെന്നും സുരേഷ് പിള്ള കുറിപ്പില്‍ പറയുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട അരിങ്ങോടര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപത്തിലേക്ക്..
2000 ലെ 500 രൂപ! ശ്രീ ക്യാപ്റ്റന്‍ രാജു സാറിനെ ആദ്യമായും അവസാനവുമായി കണ്ടത് ബെംഗളൂരുവിലെ കോക്കനട്ട് ഗ്രോവില്‍ കുടുംബവുമായി അത്താഴം കഴിക്കാനെത്തിയപ്പോളാണ്. കരിമീന്‍ പൊരിച്ചതാണ് മെനുവിലുണ്ടായിരുന്നത് പക്ഷേ അദ്ദേഹത്തിന് വേണ്ടിയിരുന്നത് തേങ്ങാപ്പാലൊഴിച്ച കോട്ടയത്തെ മപ്പാസായിരുന്നു, തിരക്കിനിടയില്‍ അത് അദ്ദേഹത്തിന് തയ്യാറാക്കി കൊടുത്തു. ഭക്ഷണ ശേഷം അടുക്കളയില്‍ നിന്നും വിളിച്ചു വരുത്തി അഭിനന്ദിച്ച ശേഷം സ്നേഹത്തോടെ 500 രൂപ ടിപ്സ് തന്നത് നന്ദിയോടെ ഇന്നും ഓര്‍ക്കുന്നു! 20 രൂപയും 50 രൂപയും തരുന്ന ഗെസ്റ്റുകളെ കൈകൂപ്പി വണങ്ങിയിരുന്ന കാലത്താണ് ഇതെന്ന് ഓര്‍മ്മ വേണം ! മലയാളത്തിന്റെ പ്രിയപ്പെട്ട അരിങ്ങോടര്‍ക്ക് ആദരാജ്ഞലികള്‍ !
Content Highlights: suresh pillai sharing memories with captain raju