നത്തചൂടില്‍ വെന്തുരുകുകയാണ് നാട്. ഒന്ന് റോഡിലിറങ്ങിയാല്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കാതെ രക്ഷയില്ല. പൊള്ളുന്ന ചൂടില്‍ തണുപ്പ് പകരാന്‍ റോഡരികിലും കടകളിലും ശീതളപാനീയ വില്പന തകൃതിയാണ്.

റോഡരികിലെ മരത്തണലുകളും പെട്ടിക്കടകളും കേന്ദ്രീകരിച്ചാണ് സീസണ്‍ കച്ചവടക്കാര്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കുലുക്കി സര്‍ബത്തുതൊട്ട് തണ്ണിമത്തന്‍ ജ്യൂസും കരിമ്പിന്‍ ജ്യൂസും സര്‍ബത്തും സോഡയുമൊക്കെ വില്പനയ്ക്കായി ഒരുങ്ങി. തമിഴ്നാട്ടില്‍ നിന്നെത്തിച്ച ഇളനീരും പനനൊങ്കും സ്ഥാനം പിടിച്ചിട്ടുണ്ട്. ചൂട് കൂടിയതോടെ ഇവയുടെ വില മുന്‍വര്‍ഷങ്ങളെക്കാള്‍ ചെറിയതോതില്‍ കൂടിയിട്ടുമുണ്ട്.

കുലുക്കി സര്‍ബത്തും തണ്ണിമത്തനും താരങ്ങള്‍

നന്നാരിയും പുളിനാരങ്ങയും പച്ചമുളകും കസ്‌കസുമൊക്കെയിട്ട കുലുക്കി സര്‍ബത്തിനും തണ്ണിമത്തന്‍ ജ്യൂസിനുമാണ് ആവശ്യക്കാര്‍ കൂടുതലെന്ന് കച്ചവടക്കാര്‍ പറയുന്നു. എരിവും പുളിയും മധുരവും കലര്‍ന്ന കുലുക്കി സര്‍ബത്തിന് 20 രൂപയാണ് വില. പഞ്ചസാരയിട്ട് മധുരിപ്പിച്ച ഒരുഗ്ലാസ് തണ്ണിമത്തന്‍ ജ്യൂസിനും 20 രൂപയാണ്.

ബെംഗളൂരുവില്‍ നിന്നാണ് തണ്ണിമത്തന്റെ വരവ്. വലിപ്പം കുറഞ്ഞ കിരണ്‍ തണ്ണിമത്തനാണ് അധികവും ഉപയോഗിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നെത്തുന്ന കരിമ്പുകൊണ്ടുള്ള ജ്യൂസിന് 20 രൂപയാണ് വില. ഇളനീരിന് 30 രൂപയുണ്ട്. പൊള്ളാച്ചി, ഗോപാലപുരം, വണ്ണാമട ഭാഗങ്ങളില്‍ നിന്നാണ് ഇവയെത്തുന്നത്. കഴിഞ്ഞതവണ 20-25 രൂപയ്ക്ക് കിട്ടിയിരുന്ന ഇളനീരിന് ഇത്തവണ വിലയേറിയിട്ടുണ്ട്.

ആരോഗ്യത്തിന് നല്ലതല്ല... വേണം കരുതല്‍

ചൂടിന് ആശ്വാസമേകാന്‍ ശീതളപാനീയങ്ങള്‍ കുടിക്കുന്നതില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്. ഗുണമേന്മ ഉറപ്പാക്കാതെ ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് അസുഖങ്ങളുണ്ടാക്കിയേക്കാമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ. കെ.എ. നാസര്‍ പറഞ്ഞു. അതിനാല്‍ മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം പറയുന്നു.

* വഴിയോരങ്ങളില്‍ ശീതളപാനീയങ്ങള്‍ക്കായി ഉപയോഗിക്കുന്ന വെള്ളത്തിന്റെയും ഐസിന്റെയും ഗുണമേന്മ പരിശോധിക്കാനും അവയില്‍ ചേര്‍ക്കുന്ന കളര്‍പ്പൊടി ഏതെന്ന് കണ്ടെത്താനും നിലവില്‍ സംവിധാനമില്ല.

* വെള്ളം ശുദ്ധമല്ലെങ്കില്‍ വയറിളക്കം, കോളറ, മഞ്ഞപ്പിത്തം പോലുള്ള ജലജന്യരോഗങ്ങള്‍ പിടിപെട്ടേക്കാം.

* എവിടെയെങ്കിലും പോകുമ്പോള്‍ കുപ്പികളില്‍ ശുദ്ധമായ വെള്ളം കൈയില്‍ കരുതുക.

* നിര്‍ജലീകരണം ഒഴിവാക്കാന്‍ തിളപ്പിച്ചാറിയ വെള്ളമോ, ഉപ്പിട്ട കഞ്ഞിവെള്ളമോ ഉപയോഗിക്കുക.

Content Highlights: summer special juices, street food, summer, food news, food updates