ല്ല അധ്യാപകരെ ആരും ഒരിക്കലും മറക്കില്ല, ഒരു പക്ഷേ അവരുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രതിസന്ധികള്‍ വന്നാല്‍ ഓടിയെത്തുക അവരുടെ വിദ്യാര്‍ത്ഥികള്‍ തന്നെയാവും. തെലുങ്കാനയിലെ ഒരു അധ്യാപകനും ഇത്തരം ഒരനുഭവത്തിന്റെ സന്തോഷത്തിലാണ്. ജോലി നഷ്ടമായ അധ്യാപകന് ഗുരുദക്ഷിണയായി ഒരു ലഞ്ച് ഹൗസാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയത്.

52 കാരനായ ഹനുമന്തുല രഘു എന്ന അധ്യാപകനാണ് കൊറോണക്കാലത്ത് ജോലി നഷ്ടമായത്. തെലുങ്കാന കോരുത്തുളയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപകനായിരുന്നു അദ്ദേഹം. ഇംഗ്ലീഷും ബയോളജിയുമായിരുന്നു രഘുവിന്റെ വിഷയങ്ങള്‍. ബി.എഡ് പാസായ രഘുവിന്റെ മകനും ജോലിയുണ്ടായിരുന്നില്ല.  അതോടെ മറ്റ് ജീവിതമാര്‍ഗങ്ങളൊന്നും കാണാതെ അദ്ദേഹം വിഷമത്തിലായി. കൊറോണ പടര്‍ന്നു പിടിച്ചതോടെ മറ്റ് ജോലികളൊന്നും കണ്ടെത്താനും സാധിച്ചില്ല. 

1997-98 കാലത്ത് അദ്ദേഹം പഠിപ്പിച്ച വിദ്യാര്‍ത്ഥികള്‍ വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് തങ്ങളുടെ അധ്യാപകന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞത്.  പലരും ഗവണ്‍മെന്റ് ജോലി നേടിയിരുന്നു. ഇവരാണ് തങ്ങളുടെ അധ്യാപകനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത്. 

'സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല' എന്നാണ് രഘു ഇതേ പറ്റി പറയുന്നത്. 

ഞായറാഴ്ച മുതല്‍ ഭക്ഷണശാല പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. തങ്ങളുടെ പരിചയക്കാരെയും മറ്റും ഭക്ഷണം കഴിക്കാനായി വിദ്യാര്‍ത്ഥികള്‍ തന്നെ ഇവിടെ എത്തിക്കുന്നുണ്ട്. ബിസിനസ്സ് വേഗം പച്ചപിടിക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

Content Highlights: Students Set up food house for Their Teacher Who Lost His Job during Corona  Pandemic