ക്ഷണം ഓർഡർ ചെയ്താൽ പിന്നെ അതിനായുള്ള കാത്തിരിപ്പാണ് പലരെയും മുഷിപ്പിക്കാറുള്ളത്. എന്നാൽ ഓർഡർ ചെയ്ത് വെറും സെക്കന്റുകൾക്കുള്ളിൽ ഭക്ഷണം മുന്നിലെത്തിച്ച് റെക്കോഡ് ഇട്ടിരിക്കുകയാണ് ഒരു റെസ്റ്ററന്റ്. സ്പെയിനിൽ നിന്നുള്ള ഒരു റെസ്റ്ററന്റാണ് റെക്കോഡിട്ട് വാർത്തകളിൽ നിറയിന്നത്.

ഓർഡർ ചെയ്ത് തീരും മുമ്പെ ഭക്ഷണം മുന്നിലെത്തുന്ന അവസ്ഥയൊരുക്കുന്നത് കാർനെ ​ഗരിബാൽ‍ഡി എന്ന സ്പാനിഷ് റെസ്റ്ററന്റാണ്. കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും വെറും പതിനാല് സെക്കന്റിനുള്ളിലാണ് ഇവിടെ ഭക്ഷണം അതിഥികളുടെ മുന്നിലെത്തുക. 

ഭക്ഷണം വേ​ഗത്തിൽ അതിഥികൾക്ക് മുന്നിലെത്തിക്കുന്നതിന്റെ റെക്കോഡും റെസ്റ്ററന്റ് നേടിക്കഴിഞ്ഞു. 13.4 സെക്കന്റിനുള്ളിൽ ആവശ്യപ്പെട്ട ഭക്ഷണം മേശപ്പുറത്ത് എത്തിച്ചതിന്റെ പേരിൽ ​ഗിന്നസ് ബുക്കിലും റെസ്റ്ററന്റ് ഇടം നേടി. 

കാർനെ എൻ സു ജു​ഗോ എന്ന മെക്സിക്കൻ വിഭവമാണ് ഇവിടെ ഏറ്റവും വേ​ഗത്തിൽ തയ്യാറാക്കി നൽകുന്നത്. റെസ്റ്ററന്റിലെത്തുന്നവർ സ്റ്റോപ് വാച്ച് ഉപയോ​ഗിച്ച് ഭക്ഷണം ഓർ‍ഡർ ചെയ്യുന്ന സമയവും ലഭിക്കുന്ന സമയവും കൃത്യമായി കണക്കാക്കുന്നുമുണ്ട്. 

സ്പാനിഷ്, മെക്സിക്കൻ വിഭവങ്ങളാണ് റെസ്റ്ററന്റിൽ വിളമ്പുന്നവയിൽ ഏറെയും. മിക്ക വിഭവങ്ങളും റെസ്റ്ററന്റ് തുറക്കുന്നതിന് മുമ്പേ തയ്യാറാക്കി വെക്കുന്നവയാണ്. ഭക്ഷണം ഓർഡർ ചെയ്ത് പതിനഞ്ചു സെക്കന്റിനകം പാത്രങ്ങളിലാക്കി മേശപ്പുറത്ത് എത്തിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ അനുഭവമാണ് എന്നാണ് റെസ്റ്ററന്റ് അധികൃതർ പറയുന്നത്. 

ഇത്തരത്തിലൊരു ആശയത്തിനു പിന്നിലും രസകരമായൊരു കഥയുണ്ട്. വെയ്റ്റർമാർക്കിടയിൽ ഒരു ​ഗെയിം ആയാണ് സം​ഗതി ആദ്യം അവതരിപ്പിച്ചത്. ആരാകും ആദ്യം ഓർഡർ ചെയ്ത ഭക്ഷണം മേശപ്പുറത്ത് എത്തിക്കുക എന്നതായിരുന്നു ​ഗെയിം. പതിയെ അത് റെസ്റ്ററന്റിന്റെ നയങ്ങളിലൊന്നായി മാറുകയായിരുന്നു. 

Content Highlights: Spanish Restaurant Brings Food To Table Within 14 Seconds of Placing Order