‘സ്മാർട്ട് സോളാർ സ്റ്റൗ’
കോഴിക്കോട്: പാചകവാതകവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് പ്രതീക്ഷയേകി ‘സ്മാർട്ട് സോളാർ സ്റ്റൗ’ വികസിപ്പിച്ച് എൻ.ഐ.ടി. ഇലക്‌ട്രിക്കൽ എൻജിനിയറിങ് വിഭാഗം ഗവേഷകർ. സ്റ്റൗവിന്റെ രണ്ട് മോഡലുകളാണ് പുറത്തിറക്കിയത്. ആദ്യ മോഡലിൽ, സിംഗിൾ, ഡബിൾ അടുപ്പുള്ള സ്റ്റൗ സൗരോർജമുപയോഗിച്ച് പ്രവർത്തിപ്പിക്കാം. ഗാർഹികപാചകത്തിനും തട്ടുകടകളിലും വിനോദസഞ്ചാരികൾക്കും വിദൂരസ്ഥലങ്ങളിലെ ഡ്യൂട്ടിസമയത്ത് സൈനിക-വനം ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടുന്നതാണിത്.
രണ്ടാമത്തെ മോഡലിൽ, വെയിലില്ലാത്ത സമയങ്ങളിൽ പാചകംചെയ്യാൻ കൺട്രോൾ യൂണിറ്റിനൊപ്പം ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ സോളാർ പാനൽ റേറ്റിങും ബാറ്ററിശേഷിയും ആവശ്യകതയനുസരിച്ച് വർധിപ്പിക്കാം. വെയിലില്ലാത്ത സമയങ്ങളിൽ ബാറ്ററി ചാർജ് തീർന്നാലും സ്റ്റൗ സ്വമേധയാ വൈദ്യുതിയിലേക്കുമാറും. അടുപ്പ് കാർബൺ മോണോക്സൈഡും പുറത്തുവിടില്ല.
സ്റ്റൗവിന്റെ ടച്ച് പാഡ് ഇൻഡക്‌ഷൻ കുക്കറിന് സമാനമാണ്. റേഡിയേഷൻ ഇല്ല. അഗ്നി-ജല-വൈദ്യുതി സുരക്ഷകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയതായും ഗവേഷണത്തിന് നേതൃത്വംനൽകിയ ഡോ. വി. കാർത്തികേയൻ പറഞ്ഞു
സോളാർപാനലുള്ള സിംഗിൾ സ്റ്റൗവിന്റെ നിർമാണച്ചെലവ് ഏകദേശം 10,000 രൂപയും ഡബിൾ സ്റ്റൗവിന് ഏകദേശം 15,000 രൂപയുമാണ്. കേന്ദ്ര ബയോടെക്‌നോളജി വകുപ്പാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്.
എൻ.ഐ.ടി. സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് ഒാൺട്രപ്രനേർഷിപ്പ് ചെയർമാൻ പ്രൊഫ. എസ്. അശോകിന്റെ മേൽനോട്ടത്തിലായിരുന്നു പ്രോജക്ട്. സ്മാർട്ട് സോളാർ സ്റ്റൗവിന്റെ സാങ്കേതികവിദ്യ ലഭിക്കാൻ നിരവധി വ്യവസായസ്ഥാപനങ്ങൾ താത്പര്യപ്പെട്ടതായി പ്രൊഫ. അശോക് പറഞ്ഞു. എൻ.ഐ.ടി.സി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ കാമ്പസിൽ ഉത്പന്നം പുറത്തിറക്കി.
Content Highlights: solar energy stove, lpg price hike, easy cooking, kozhikode NIT researchers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..