രുചിക്കൂട്ടുകള്‍ക്കൊപ്പം സ്‌നേഹവും നിഷ്‌കളങ്കതയും കുഴച്ചുചേര്‍ത്താണ് വിയ്യൂരിലെ കുഞ്ഞുസിനാന്റെ അടുക്കളയില്‍ കേക്ക് ഒരുങ്ങുന്നത്. ഒന്‍പതുവയസ്സുകാരന്‍ സിനാന്‍ കേക്കുണ്ടാക്കിയത് വിശ്രമമില്ലാതെ സേവനം നടത്തുന്ന ആതുരസേവകര്‍ക്കാണ്.

ലോക്ഡൗണ്‍ കാലത്ത് ആതുരപാലകര്‍ക്കായി ആഴ്ചയില്‍ മൂന്ന് കേക്ക് വീതം സിനാന്റെ അടുക്കളയിലൊരുങ്ങി. അടുക്കളയാണ് അഞ്ചാംവയസ്സുമുതല്‍ മുഹമ്മദ് സിനാന്റെ ഇഷ്ടലോകം. ഉമ്മ നൗഷജയൊരുക്കുന്ന വാനില കേക്കുകളാണ് സിനാനെ ബേക്കിങ് ലോകത്തേക്ക് കൈപിടിച്ചതെന്ന് പറയാം. ചോക്ലേറ്റ് കേക്കും ഫ്രഞ്ച് മക്രൂണ്‍സും വാഫിള്‍സും മെറിങ് മക്രൂണും ഫ്രഞ്ച് പേസ്ട്രിയും ബനാനാ ബ്രഡുമെല്ലാം രുചിയോടെ സിനാന്റെ അടുക്കളയിലൊരുങ്ങി. പാലില്‍നിന്ന് ക്രീംചീസെല്ലാം തനിയെ ഉണ്ടാക്കി.

കൂട്ടെല്ലാം തയ്യാറാക്കി കേക്ക് തയ്യാറാക്കാന്‍ ഒന്നര മണിക്കൂറെടുക്കും. സ്റ്റൗ ഉപയോഗിക്കുന്നതിനാല്‍ ഉമ്മ നൗഷജയുടെ മേല്‍നോട്ടവുമുണ്ടാകും. വീട്ടിലേക്കാവശ്യമായ അറേബ്യന്‍ ഗ്രില്‍ഡ് വിഭവങ്ങളും സിനാന്‍ തയ്യാറാക്കും.

പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് സിനാന്‍. സ്‌കൂളില്‍ ഫെയര്‍വെല്‍ പാര്‍ട്ടിക്ക് കേക്കുണ്ടാക്കി കൊണ്ടുപോവാറുണ്ട്. ദയ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. പി.ടി. ഇഖ്ബാലിന്റെയും തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് പ്രൊഫസര്‍ ഡോ. പി.ടി. നൗഷജയുടെയും മകനാണ്. ഡോ. സൈറ സഹോദരിയാണ്.

Content Highlights: small kid makes cakes for health workers at corona time