കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ദിവസങ്ങളായി തുടരുന്ന കനത്തമഴ വലിയ നാശനഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്. കനത്തമഴയില്‍ റോഡുകള്‍ തകരുകയും ഒട്ടേറെ പട്ടണങ്ങള്‍ ഒറ്റപ്പെട്ടു പോകുകയും ചെയ്തു. ഒറ്റപ്പെട്ടുപോയവര്‍ക്ക് മരുന്നുകളും ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചുകൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് സന്നദ്ധപ്രവര്‍ത്തകര്‍. ഇതിനിടെ കനത്തമഴയില്‍ ഒറ്റപ്പെട്ടുപോയ 3000-ല്‍ പരം ആളുകള്‍ക്ക് ഭക്ഷണം നല്‍കി കൈയടി നേടുകയാണ് കാനഡിലെ സിഖ് സമൂഹം. രാത്രി മുഴുവനും ഉറക്കമിളച്ചിരുന്നാണ് അവര്‍ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്തത്. 

സറിയിലുള്ള ധുഖ് നിവരാന്‍ സാഹിബ് സിഖ് ക്ഷേത്രത്തിന്റെ പരിധിയിലുള്ള 100-ല്‍ പരം വളണ്ടിയര്‍മാരാണ് ഭക്ഷണം പാകം ചെയ്യാന്‍ മുന്നിട്ടിറങ്ങിയത്. ഹെലികോപ്ടറുകള്‍ വാടകയ്‌ക്കെടുത്താണ് ഭക്ഷണം വിതരണം ചെയ്തത്- ക്ഷേത്രം പ്രസിഡന്റ് നരീന്ദ്രര്‍ സിങ് വാലിയ പറഞ്ഞു. 
റൊട്ടി, കാരറ്റ് കൊണ്ടുള്ള വിഭവങ്ങള്‍ എന്നിവ തയ്യാറാക്കുന്ന സിഖ് സമൂഹത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലായി. 

മുമ്പ് ട്രക്ക് ഡ്രൈവറായി ജോലി നോക്കിയിരുന്ന അമര്‍ജിത് ധാദ്‌വാറാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു മുമ്പില്‍ നില്‍ക്കുന്നത്. തന്റെ സുഹൃത്തുക്കള്‍ മഴകാരണം കുടുങ്ങിക്കിടക്കുന്നതായി വിളിച്ചു പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നുവെന്ന് അമര്‍ജിത്തിനെ ഉദ്ധരിച്ച് സിറ്റി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് പരസ്പര സഹായമെന്നും മറ്റുള്ളവരെ സഹായിക്കാന്‍ സിഖ് സമൂഹം സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ സഹായം എത്തിച്ചു നല്‍കുന്നതിനാണ് ശ്രമത്തിലാണ് സിഖ് സമൂഹമെന്നും അമര്‍ജിത് വ്യക്തമാക്കി. 

Content highlights: Sikh volunteers deliver 3,000 meals, people stranded in Canada floods, Canadians express big thanks to Sikh community