പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോ​ഗം മൂലം പ്രകൃതിക്കും മനുഷ്യനുമുണ്ടാകുന്ന ദുരിതങ്ങളെക്കുറിച്ച് കാലങ്ങളായി സംസാരിക്കുന്നതാണ്. എങ്കിലും ഇപ്പോഴും പലയിടങ്ങളിലും അവയുടെ ഉപയോ​ഗം കൂടുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രസക്തമായ ഒരു ട്വീറ്റ് പങ്കുവെച്ചിരിക്കുകയാണ് കോൺ​ഗ്രസ് എംപി ശശി തരൂർ. 

തവിടിൽ നിന്നുണ്ടാക്കുന്ന പ്രകൃതിസൗഹാർദമായ കണ്ടെയ്നറുകളെക്കുറിച്ചാണ് തരൂരിന്റെ പോസ്റ്റ്. സ്വയം മണ്ണിൽ ലയിക്കുന്ന പ്രകൃതിക്ക് യോജ്യമായ തവിടുകൊണ്ടുള്ള പാത്രങ്ങളാണ് തരൂർ പങ്കുവെച്ച വീഡിയോയിലുള്ളത്. 

തമിഴ്നാട്ടിലെ പരിസ്ഥിതി, കാലാവസ്ഥാ, വനം വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി സുപ്രിയാ സാഹു പങ്കുവെച്ച ട്വീറ്റാണ് തരൂർ പങ്കുവെച്ചത്. തവിടുകൊണ്ട് ഉണ്ടാക്കിയ വിവിധ കപ്പുകളും ​ഗ്ലാസുകളും പാത്രങ്ങളുമൊക്കെ എങ്ങനെ പ്ലാസ്റ്റിക് കണ്ടെയ്നറുകൾക്ക് പകരമാക്കാം എന്നാണ് വീഡിയോയിൽ കാണിക്കുന്നത്. 

തമിഴ്നാട്ടിൽ മാത്രമല്ല രാജ്യത്തെമ്പാടും ഇത് ബാധകമാക്കണം എന്നു പറഞ്ഞാണ് തരൂർ വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് തരൂരിന്റെ ട്വീറ്റിനു കീഴെ ഇത്തരം പ്ലാസ്റ്റിക് ഇതര മാർ​ഗങ്ങൾ സ്വീകരിക്കേണ്ടതിനെക്കുറിച്ച് കമന്റ് ചെയ്തത്. 

Content Highlights: shashi tharoor shares viral video to encourage use of eco-friendly rice bran containers