ബിടൗണിലെ പുത്തന്‍ താരോദയങ്ങളിലൊന്നാണ് നടന്‍ സെയ്ഫ് അലി ഖാന്റെ പുത്രിയായ സാറ അലി ഖാന്‍. സിനിമയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് വണ്ണത്തിന്റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട താരമാണ് സാറ. എന്നാല്‍ അതിശയിപ്പിക്കുന്ന മാറ്റത്തോടെയാണ് സാറയെ പിന്നീട് കണ്ടത്. പിസിഒഡി മൂലമാണ് താന്‍ വണ്ണം  വച്ചിരുന്നതെന്ന് സാറ പറയുകയും ചെയ്തിരുന്നു. ഡയറ്റില്‍ വരുത്തിയ ആരോഗ്യകരമായ മാറ്റമാണ് തന്റെ വണ്ണം കുറയാന്‍ കാരണമായതെന്നാണ് സാറ പറയുന്നത്. 

തന്റെ കോളേജ് കാലങ്ങളില്‍ ജങ്ക് ഫൂഡിനോട് ആവേശം കാണിച്ചിരുന്ന സാറയുടെ പ്രിയപ്പെട്ട ഭക്ഷണം പിസയായിരുന്നു. 96 കിലോയിലേക്കെത്തിയതോടെ സാറ വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ഗൗരവകരമായി ചിന്തിച്ചു. ആദ്യത്തെ സ്റ്റെപ്പ് പിസ കഴിക്കില്ലെന്ന തീരുമാനമായിരുന്നു. ഇതിനു പുറമെ മറ്റു രണ്ടു ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയതുകൂടി താരത്തിന്റെ വണ്ണം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. 

ഫിറ്റ്‌നസ് സീക്രട്ടിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തിയ മാറ്റങ്ങളെക്കുറിച്ച് സാറ പങ്കുവച്ചത്. ചിക്കനും മുട്ടയുമാണ് സാറയുടെ ഡയറ്റിലെ പ്രധാന ഭക്ഷണങ്ങള്‍. അതും ദിവസത്തില്‍ മൂന്നുനേരവും ഇതു മാത്രമാണ് കഴിച്ചിരുന്നതെന്നും സാറ പറയുന്നു. 

കീറ്റോ ഡയറ്റ് തനിക്കു ഫലിക്കാത്തതിനാലാണ് അത് പിന്തുടരാതിരുന്നതെന്നും സാറ വ്യക്തമാക്കി. ഹോളിവുഡ് താരം വിക്ടോറിയ ബെക്കാമും ചിക്കനും മുട്ടയും മാത്രം ഉള്‍പ്പെട്ട ഡയറ്റ് ശീലിച്ചാണ് ഫിറ്റ്‌നസ് കാത്തുസൂക്ഷിച്ചിരുന്നത്.

Content Highlights: Sara Ali Khan eats the same meal everyday