ഇന്ത്യയിലെ പുരാതന ഭാഷകളിലൊന്നാണ് സംസ്‌കൃതം. എന്നാല്‍ ഇന്ത്യയില്‍ ഈ ഭാഷ കൈകാര്യം ചെയ്യാനറിയുന്നവര്‍ വളരെ ചുരുക്കമാണ്. എന്നാല്‍ ഉത്തര്‍പ്രദേശിലെ നിഷാന്ത്കഞ്ച് പച്ചക്കറി മാര്‍ക്കറ്റിലെ വ്യാപാരികള്‍ തങ്ങള്‍ക്ക് പറ്റുന്ന വിധം സംസ്‌കൃതത്തെ ജനകീയവത്കരിക്കാന്‍ ശ്രമിക്കുകയാണ്.

ഇവിടെ പച്ചക്കറികളെല്ലാം സംസ്‌കൃതത്തിലാണ് അറിയപെടുന്നത്. പച്ചക്കറികളുടെ സംസ്‌കൃതനാമങ്ങളും അവയുടെ വിലയും പച്ചക്കറിയുടെ അടുത്ത് സംസ്‌കൃതത്തില്‍ എഴുതി വെച്ചിരിക്കുകയാണ്.

ഉരുളക്കിഴങ്ങിന്റെ പേര് ആലുകം, തക്കാളിക്ക് രക്തഫലകം പടവലങ്ങയ്ക്ക് കര്‍വേലാ കാരറ്റിന് ഗുഞ്ചനക്കം ഇഞ്ചിക്ക് അഡ്രാകം ഇതൊക്കെയാണ് ഇവിടെത്തെ സംസ്‌കൃത വിശേഷങ്ങള്‍.  സംസ്‌കൃത ഭാഷയെ ജനകീയമാക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്ന് വ്യാപാരിയായ സോനു പറയുന്നു. ഒരു സംസ്‌കൃത അധ്യാപകന്റെ സഹായത്തോടെയാണ് ഇത്തരത്തിലെഴുതിയ പ്ലക്കാര്‍ഡുകള്‍ വെച്ചത്. ആദ്യമെല്ലാം ആളുകള്‍ അമ്പരന്നെങ്കിലും പിന്നീട് വന്നവരെല്ലാം സംസ്‌കൃത വാക്കുകള്‍ പഠിച്ച് തുടങ്ങി. പലരും സംസ്‌കൃതത്തിലുള്ള പേര് ചോദിച്ചാണ് പച്ചക്കറികള്‍ ഇപ്പോള്‍ വാങ്ങുന്നതെന്ന് സോനു പറയുന്നു

എന്നാല്‍ ഇത് വെറും പബ്ലിസിറ്റിയാണെന്ന് പറയുന്ന കടയുടമകളുമുണ്ട്. സംസ്‌കൃതം അറിയാത്ത കടയുടമകള്‍ എന്തിനാണ് ഇത്തരത്തില്‍ ചെയ്യുന്നത് ഇത് ഭാഷയെ കളിയാക്കുന്നതിന് തുല്യമാണ് വ്യാപാരിയായ ആശ്രം അഗര്‍വാള്‍ പറയുന്നു. പച്ചക്കറികള്‍ നനച്ചു കൊടുക്കുമ്പോള്‍ പ്ലാക്കാര്‍ഡുകള്‍ നനയുന്നത് കൊണ്ട് ഞങ്ങളില്‍ ചിലര്‍ പ്ലക്കാര്‍ഡുകള്‍ എടുത്ത് മാറ്റി അശ്രം അഗര്‍വാള്‍ കൂട്ടിചേര്‍ത്തു.

എന്നാല്‍ പച്ചക്കറി മാര്‍ക്കറ്റിലെ ഭൂരിഭാഗം പേരും ഈ സംരംഭത്തെ അനുകൂലിക്കുന്നവരാണ്. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ സംസ്‌കൃതത്തില്‍ സാധനങ്ങള്‍ ചോദിക്കാന്‍ ആരും തന്നെ നിര്‍ബന്ധിക്കുന്നില്ല എന്നാല്‍ ഇവിടെത്തെ ഉപഭോക്താക്കളും ഈ പ്രവര്‍ത്തിയോട് യോജിച്ചാണ് പോവുന്നത്.

ചരിത്രത്തിന്റെ ഭാഗമായ ഭാഷയെ ജനകീയമാക്കുക എന്നത് കഠിന പ്രയത്‌നം തന്നെയാണ്. ഞാനും സംസ്‌കൃതത്തില്‍ ചില വാക്കുകള്‍ പഠിച്ചുതുടങ്ങി മാര്‍ക്കറ്റിലെ സ്ഥിരം ഉപഭോക്താവായ രവീന്ദ്രശര്‍മ്മ പറയുന്നു.

Content highlights: vegetable market in nishkanth, Sanskrit names for vegetables