കൊറോണക്കാലത്ത് ദുരിതമനുഭവിക്കുന്ന ധാരാളം ജനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ദിവസക്കൂലി കൊണ്ടു ജീവിക്കുന്നവരിലാണ് കൊറോണ ഏറ്റവുമധികം ദുരിതം വിതച്ചത്. ഇത്തരക്കാര്‍ക്ക് തങ്ങളെക്കൊണ്ടാവും വിധം സഹായം എത്തിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം സല്‍മാന്‍ ഖാനും കൊറോണക്കാലത്ത് കഷ്ടപ്പെടുന്നവര്‍ക്കു സഹായവുമായി എത്തിയിരിക്കുകയാണ്.
മുംബൈയില്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്ക് ഫുഡ് ട്രക്കിലൂടെ റേഷന്‍ എത്തിക്കുകയാണ് സല്‍മാന്‍. ബുധനാഴ്ച്ചയാണ് മുംബൈ റോഡിലൂടെ 'ബീയിങ് ഹാങ്ക്രി' എന്നെഴുതിയ ട്രക്കില്‍ നിന്ന് റേഷന്‍ വിതരണം നടത്തുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. റേഷന്‍ കിറ്റുകള്‍ വാങ്ങാനായി നീണ്ടനിരയാണ് വണ്ടിക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
സല്‍മാന്‍ ഖാന്റെ ഫാന്‍പേജുകളിലൂടെയാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വിരിക്കുന്നത്. ഇക്കാര്യത്തില്‍ സല്‍മാന്‍ നേരിട്ട് പ്രതികരണവുമായെത്തിയിട്ടില്ല. നേരത്തെ ശിവസേന നേതാവ് രാഹുല്‍ കനാല്‍ റേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് സല്‍മാനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. ആവശ്യക്കാര്‍ക്ക് നിശബ്ദനായി സല്‍മാന്‍ ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തതാണെന്നാണ് രാഹുല്‍ കുറിച്ചത്.
നേരത്തേയും സമാനമായ രീതിയില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവിതരണവുമായി സല്‍മാന്‍ രംഗത്തെത്തിയിരുന്നു. കോവിഡിനെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് ''അന്നദാന്‍' ചലഞ്ച് എന്ന പേരിലാണ് താരം ഭക്ഷണവിതരണം നടത്തിയത്. ഒപ്പം ആരാധകരെ ഈ ചലഞ്ച് ഏറ്റെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. സല്‍മാനൊപ്പം കാമുകി ലുലിയ വാന്റര്‍, നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ ട്രക്കുകളിലേക്ക് റേഷന്‍ കിറ്റുകള്‍ കയറ്റിവെക്കുന്ന വീഡിയോയും വൈറലായിരുന്നു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തന്റെ പന്‍വേല്‍ ഫാംഹൗസിലാണ് കുടുംബത്തിനൊപ്പം സല്‍മാന്‍ കഴിയുന്നത്.
Content Highlights: Salman Khan's Food Truck "Being Haangryy" Distributes Rations To Mumbai's Needy