പട്ടണം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ സജിനിക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവിതോപാധിയായ ചെറിയ ഹോട്ടലും താമസിക്കുന്ന വീടിന്റെ ഒരു ഭാഗവും. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മാര്‍ക്കറ്റ് റോഡിലാണ് വെള്ളം കയറിയ സജിനിയുടെ ഹോട്ടല്‍. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഹോട്ടല്‍ വൃത്തിയാക്കി പ്രവര്‍ത്തനം തുടങ്ങാന്‍ സജിനിക്കായി.

മേലൂര്‍ അറക്കാപറമ്പന്‍ ലാലുവിന്റെ ഭാര്യയാണ് സജിനി. ചെറുതും വലുതുമായ അനേകം ഹോട്ടലുകള്‍ ഇനിയും തുറക്കാതെകിടക്കുമ്പോഴാണ് ഉത്രാടത്തിന് സജിനിയുടെ ഹോട്ടലില്‍ ചോറ് വിളമ്പിത്തുടങ്ങിയത്. വെള്ളത്തില്‍ ഒഴുകിപ്പോയ പാത്രങ്ങളും നനഞ്ഞു നശിച്ച പലവ്യഞ്ജനങ്ങളും മനസ്സ് തളര്‍ത്തിയില്ല. മേലൂരിലെ തുരുത്തില്‍ അകപ്പെട്ട ഭര്‍ത്താവിനെയും അമ്മയെയും ഹെലികോപ്റ്ററില്‍ നാവികസേന ദൂരെയുള്ള ദുരിതാശ്വാസക്യാമ്പില്‍ എത്തിച്ചിരുന്നു. ഇവരുടെ അസാന്നിദ്ധ്യത്തിലാണ് സജിനി കട തുറന്നത്.

ഓഗസ്റ്റ് 15-ന് വീട്ടില്‍ വെള്ളം കയറുമ്പോള്‍ സജിനിയും രണ്ട് ആണ്‍മക്കളും ഹോട്ടലിലായിരുന്നു. ഭര്‍ത്താവും അമ്മ തങ്കമ്മയും മേലൂരിലെ വീട്ടിലായിരുന്നു. ഭര്‍ത്താവും അമ്മയും അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ അഭയം തേടി. ഇതിനിടയില്‍ സ്വന്തം വീടിന്റെ ഒരുഭാഗം ഇടിഞ്ഞ് വെള്ളത്തിലായി. ടെറസില്‍ കുടുങ്ങിയ 12 പേരെ നാവികസേന രക്ഷിച്ച് കറുകുറ്റിയിലെത്തിച്ചത് വാര്‍ത്തയായിരുന്നു.

ഇവര്‍ക്ക് സംഭവിച്ചതെന്തെന്നറിയാതെ സജിനിയും മക്കളും ഹോട്ടലില്‍ കഴിഞ്ഞു. എന്നാല്‍ 16-ന് ഹോട്ടലിലും വെള്ളം കയറി. ഭാഗ്യത്തിന് കിണര്‍വരെ വെള്ളം എത്തിയില്ല. പാത്രങ്ങള്‍ ഒഴുകിനടന്നു. ഇരിപ്പിടങ്ങള്‍ വീണു. നില്‍ക്കക്കള്ളിയില്ലാതെ ഇവര്‍ തൊട്ടടുത്ത ലോഡ്ജിലേക്ക് മാറി. 17-നാണ് ഭര്‍ത്താവുമായി ടെലിഫോണില്‍ ബന്ധപ്പെടുന്നത്. ഇതിനിടയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നു. ഹോട്ടല്‍ വൃത്തിയാക്കാന്‍ അമാന്തിച്ചില്ല. ഫര്‍ണിച്ചറുകള്‍ കഴുകി വൃത്തിയാക്കി. ഉത്രാടത്തലേന്ന് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഹോട്ടല്‍ ദിവസവാടകയ്‌ക്കെടുത്തതാണ്. ചെറിയ വരുമാനം മാത്രം. ഹോട്ടലിലെ തന്നെ ചെറിയ മുറിയിലാണ് സജിനിയുടെയും വിദ്യാര്‍ത്ഥികളായ മക്കളുടെയും താമസം. അമ്മയ്ക്ക് ഒരുകൈ സഹായവുമായി മക്കളും രംഗത്തുണ്ടായിരുന്നു.

Content Highlights: sajini hotel opens in uthradam day