അൽപം പുളിയും മധുരവും ഇഴചേർന്ന മുന്തിരിങ്ങ കഴിക്കാൻ ഇഷ്ടമുള്ളവരുണ്ട്. വ്യത്യസ്തമായ ഒരു മുന്തിരിങ്ങയുടെ കഥയാണ് ഇപ്പോൾ സമൂ​ഹമാധ്യമത്തിൽ നിറയുന്നത്. സം​ഗതി ജപ്പാനിൽ നിന്നുള്ള റൂബി റോമൻ ആണ്. കാഴ്ചയിലും രുചിയിലും മാത്രമല്ല, വിലയിലും കേമനാണ് കക്ഷി. ഒരു കുല റൂബി റോമന് മാത്രം മുപ്പതിനായിരത്തിൽപരം രൂപയാണ് വില. 

ഇത്ര വില വരാനെന്തിരിക്കുന്നു എന്നു കരുതുന്നവരുടെ ശ്രദ്ധയ്ക്ക് അത്രത്തോളം കരുതലോടെയാണ് റൂബി റോമൻ വിപണിയിലെത്തിക്കുന്നത്. മുന്തിരിയുടെ വലിപ്പവും നിറവും രുചിയുമൊക്കെ അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാൽ തീർന്നു. ഇതേ ​ഗുണമേൻമയിൽ ലോകത്ത് മറ്റൊരിടത്തും റൂബി റോമൻ ഉത്പാദിപ്പിക്കാത്തതിനാൽ ആണ് ഇത്ര വിലയെന്നാണ് ഇഷികാവാ പ്രിഫെക്ചറൽ സർവകലാശാലയിലെ ചീഫ് റിസേർച്ചർ ഹിരോഷി ഇസു പറയുന്നത്. 

റൂബി റോമന്റെ നിലവാരം പരിശോധിക്കുന്നതിനും വ്യത്യസ്ത ഘട്ടങ്ങളുണ്ടെന്ന് ഇൻസ്പെക്ടറായ കസുയോഷി സകുറായ് പയുന്നു. നിറമാണ് ആദ്യത്തേത്. അടുത്തത് വലിപ്പം. ഓരോ മുന്തിരിയും ഇരുപതു ​ഗ്രാമോളം തൂക്കമുണ്ടാകണം. വലിപ്പത്തിൽ മുപ്പതു മില്ലിമീറ്റർ ഉണ്ടായിരിക്കുകയും വേണം. മുന്തിരിയുടെ മധുരത്തിന്റെ അളവും പ്രധാനമാണ്. മധുരം പതിനെട്ടു ശതമാനത്തേക്കാൾ കൂടുതലുണ്ടെങ്കിലേ റൂബി റോമൻ ആയി കണക്കാക്കൂ എന്നും കസുയോഷി. 

റൂബി റോമനെ മൂന്നു ​ഗണങ്ങളായി തിരിക്കുന്നുമുണ്ട്. സുപ്പീരിയർ ​ഗ്രേപ്സ്, സ്പെഷൽ സുപ്പീരിയർ ​ഗ്രേപ്സ്, പ്രീമിയം എന്നിങ്ങനെയാണത്. വിലയിലും അതിനനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാരുമെന്ന് കസുയോഷി പറയുന്നു. 

Content Highlights: Ruby Roman grapes can cost up to Rs 33,000 per bunch