പ്രതീകാത്മക ചിത്രം | Photo: A.F.P.
ഒരു വിഭവം തയ്യാറാക്കി കഴിഞ്ഞാല്‍ അടുത്തഘട്ടം അതിന്റെ രുചി നോക്കലാണ്. ഉപ്പും പുളിയും എരിവുമൊക്കെ പാകത്തിനായോ എന്നറിയുന്നതിന് പാചകത്തില്‍ ഇത് ഏറെ പ്രധാനപ്പെട്ട ഘട്ടമാണ്. പാചകത്തിലും ഭക്ഷണം വിളമ്പുന്നതിനുമെല്ലാം റോബോട്ടിക്‌സ് ഉള്‍പ്പടെയുള്ള പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരീക്ഷിച്ചു നോക്കുന്ന കാലഘട്ടമാണിത്. ഹോട്ടലുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനും റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് സര്‍വസാധാരണമാണ്. ഇപ്പോഴിതാ ഭക്ഷണത്തിന്റെ രുചി നോക്കുന്നതിന് റോബോട്ടിനെ ഉപയോഗിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
യു.കെയിലെ കേംബ്രിജ് യൂണിവേഴ്‌സിറ്റിയും വീട്ടുപകരണങ്ങളുണ്ടാക്കുന്ന ഒരു സ്ഥാപനവും സഹകരിച്ചാണ് സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. വിഭവത്തിന്റെ സ്വാദ് നോക്കുന്നതിനൊപ്പം പാചകത്തിന് സഹായിക്കുന്നതിനും ഈ റോബോട്ടിന് കഴിയും. ഭക്ഷണം ചവച്ചരയ്ക്കുമ്പോള്‍ ഓരോ ഘട്ടത്തിലും ലഭിക്കുന്ന ഉപ്പിന്റെയും മറ്റും അളവ് മനസ്സിലാക്കാന്‍ ഈ റോബോട്ട് ഷെഫിന് കഴിയുമെന്ന് കേംബ്രിജ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കുന്നു. ഫ്രണ്ടിയേഴ്‌സ് ഇന്‍ റോബോട്ടിക്‌സ് ആന്‍ഡ് എ.ഐ. എന്ന ജേണലില്‍ പഠനത്തിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മനുഷ്യരുടെ ആസ്വാദനരീതിയനുസരിച്ച് ഓംലറ്റ് തയ്യാറാക്കാന്‍ ഈ റോബോട്ടിന് പരിശീലനം കൊടുത്തതായും യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. മുട്ടയും തക്കാളിയും ചേര്‍ത്തുള്ള വ്യത്യസ്തമായ ഒന്‍പത് വിഭവങ്ങളാണ് ഈ റോബോട്ട് തയ്യാറാക്കിയത്. അതേസമയം, ഈ റോബോട്ട് വ്യത്യസ്തമായ മൂന്ന് രീതികളിലാണ് ഭക്ഷണം ചവച്ച് അരയ്ക്കുക. ഇത് അനുസരിച്ചാണ് വിഭവങ്ങളുടെ 'ടേസ്റ്റ് മാപ്പ്' തയ്യാറാക്കുന്നത്.
ഇത്തരത്തില്‍ ടേസ്റ്റ് മാപ്പ് തയ്യാറാക്കുമ്പോള്‍ വിഭവത്തിലടങ്ങിയിരിക്കുന്ന ഉപ്പും മസാലയും സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം മനസ്സിലാക്കാനുള്ള റോബോട്ടിന്റെ കഴിവ് മെച്ചപ്പെട്ടതായി പഠനത്തില്‍ വ്യക്തമാക്കുന്നു. വീടുകളില്‍ പാചകം ചെയ്യുമ്പോള്‍ രുചി നോക്കുന്നത് സാധാരണമാണ്. പാചകം ചെയ്യുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പരിശോധിച്ച് നോക്കുന്നതാണ് രുചി കൃത്യമായി മനസ്സിലാക്കുന്നതിനുള്ള ശരിയായ രീതി. ഭക്ഷണം തയ്യാറാക്കുന്ന വേളയില്‍ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ടെങ്കില്‍, തയ്യാറാക്കുന്ന വിഭവങ്ങള്‍ രുചിച്ചുനോക്കാന്‍ അവയ്ക്ക് കഴിയുന്നുണ്ടോയെന്നതും പ്രധാനപ്പെട്ടകാര്യമാണ്-യൂണിവേഴ്‌സിറ്റിയിലെ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷകന്‍ ചൂണ്ടിക്കാട്ടി.
Content Highlights: chef robot, robot to taste food, University of Cambridge, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..