കോട്ടയം: 'എനിക്ക് ഈ അമ്മയെ കണ്ടുകൊണ്ടിരിക്കാനാണ് ഇഷ്ടം. ഒരു ക്‌ളാസ് എടുക്കുന്നതു പോലെ രസകരവും വിജ്ഞാനപ്രദവും. കുട്ടികള്‍ ടീച്ചറുടെ വീഡിയോ തീര്‍ച്ചയായും കാണണം' 'കുക്കിങ് വിത്ത് സുമ ടീച്ചര്‍' എന്ന യൂട്യൂബ് ചാനലിലെ പാചക വീഡിയോ കണ്ട് ആവേശപ്പെടുന്നവരുടെ പ്രതിനിധികളിലൊരാളായ ജയാ ജേക്കബിന്റെ കമന്റാണിത്.

പാചകത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളി മനസ്സില്‍ വേറിട്ട രുചി പകര്‍ന്ന റിട്ട. അധ്യാപിക സുമ ശിവദാസിന്റെ യൂട്യൂബ് സബ്സ്‌ക്രൈബേഴ്‌സ് രണ്ടര ലക്ഷത്തിലേക്ക്. ഒപ്പം വരുമാനം ആരെയും അദ്ഭുതപ്പെടുത്തും വിധത്തിലും.

പാചകശാസ്ത്രം

വിഭവം തയാറാക്കുന്നതില്‍ മാത്രമല്ല ടീച്ചറുടെ പാചകശാസ്ത്രം. അല്പം സയന്‍സും ചരിത്രവും കഥകളും ഒക്കെ ചേര്‍ത്തുള്ള ഒരു പുത്തന്‍ ചേരുവ.

ചിലര്‍ക്കത് സയന്‍സാകാം. മറ്റ് ചിലര്‍ക്ക് മധുരമുള്ള കുട്ടിക്കാല ഓര്‍മയോ എന്നോ നഷ്ടമായ രുചിയുടെ ഓര്‍മപ്പെടുത്തലോ ആകാം.

കോട്ടയം, കുമാരനല്ലൂര്‍ ദേവീവിലാസം ഹൈസ്‌കൂളില്‍നിന്ന് ഹെഡ്മിസ്ട്രസായി വിരമിച്ച ശേഷം ഈ സയന്‍സ് അധ്യാപിക ആദ്യം പാചക എഴുത്തിലാണ് സജീവമായത്. എന്നാല്‍, ലോക്ഡൗണ്‍ കാലത്ത് വീടുകളിലെ വിഭവങ്ങളുടെ കുറവ് മുന്നില്‍ കണ്ട് വീട്ടിലുള്ളവകൊണ്ടുള്ള പാചകക്കുറിപ്പുകള്‍ പകര്‍ന്ന് നല്‍കാനായി ശ്രമം. അത് വിജയിച്ചപ്പോള്‍ കാഴ്ചക്കാര്‍ മെല്ലെ വര്‍ധിച്ചു.

വിരമിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പാചക വീഡിയോകള്‍ ക്ലാസ്മുറിയില്‍ കുട്ടികളെ പഠിപ്പിക്കുന്ന ശൈലിയാണ് ഓര്‍മപ്പെടുത്തുന്നത്. കാര്യങ്ങള്‍ കാഴ്ചക്കാരുടെ മനസ്സില്‍ ഉറപ്പിക്കണമെന്ന് ശാഠ്യം.

ഓരോ ചേരുവയും ചേര്‍ക്കേണ്ട സമയമുണ്ടെന്ന് ടീച്ചര്‍. നെയ്യ് ചേര്‍ക്കുന്നതിന് ഒരു സമയം. ഒന്നുകില്‍ ആദ്യം. അല്ലെങ്കില്‍ അവസാനം. ഉപ്പ്, വെള്ളവും അതുപോലെ. ഉപ്പിടുന്നത് കൈ കൊണ്ട് എന്നാണ് ചൊല്ല്. കൃത്യമായ അളവ് കൈയറിയണം. അത് സ്‌നേഹവും വാത്സല്യവുമാകുമ്പോള്‍ ശാസ്ത്രീയമുണ്ട്. മറ്റെന്തും അല്പം കൂടിയാലും കഴിക്കാം. പക്ഷേ, ഉപ്പ് കൂടിയാലോ.

വേവിക്കാന്‍ തീ കൂട്ടുന്നത് നമ്മള്‍ പുരയ്ക്ക് മുകളില്‍ തീ കത്തിക്കുന്നതു പോലെയെന്ന് ഈ പാചകക്‌ളാസ്. അരിയും കടലയും വേവിക്കുമ്പോള്‍ ശ്രദ്ധിക്കണം.

100 ഡിഗ്രിയില്‍ തിളയ്ക്കുമ്പോള്‍ അതിലും കൂടുതല്‍ ചൂടിട്ടാല്‍ കഷ്ണം വേകില്ല.

പതിയാണ് ഈ ശര്‍ക്കര

പഴം നുറുക്ക് പാകം ചെയ്യുമ്പോള്‍ ശര്‍ക്കര താരമാകുന്നു. 'ഈ ശര്‍ക്കരയ്ക്കുണ്ട് ഒരു കഥ. ഇതൊരു ഫോറിന്‍ ശര്‍ക്കരയാണ്.

പത്തനംതിട്ട വാഴമുട്ടത്തുനിന്നുള്ളതാണ്. ശര്‍ക്കര ഉണ്ടാക്കുന്നതിന്റെ അവസാനഭാഗത്തുള്ളതാണിത്. 'പതി'യെന്നാണ് പറയുന്നത്. പാനിയല്ല. 'ശര്‍ക്കരയുടെ വകഭേദം അറിയുകയായി കാഴ്ചക്കാര്‍. അഭിപ്രായമിടുന്ന ആയിരക്കണക്ക് ആരാധകരുമായി അടുത്ത ബന്ധമുണ്ട്. ദോശക്കല്ല് മെരുങ്ങാത്തവര്‍ക്ക് ഒരു ടിപ്പ്: അധികം ചൂടാകുമ്പോള്‍ ഇടയ്ക്ക് വെള്ളം ഒഴിച്ച് തണുപ്പിക്കൂ. ഏത് കല്ലിനെയും സഹകാരിയാക്കാം. ഇങ്ങനെ പറയുമ്പോള്‍ ചിലര്‍ കണ്ണുരുട്ടും. 'ഇതെന്താ പാചകമോ മെകിസ്ട്രിയോ'. ടീച്ചര്‍ ചിരിക്കും. 'പാചകം മൊത്തം ശാസ്ത്രമല്ലേ. ഗോതമ്പില്‍ ഗ്‌ളൂട്ടോമിന്‍ ഉണ്ട്. പഞ്ചസാര കരിയുന്നതില്‍ രസതന്ത്രമുണ്ട്. തൈര് പിരിയുന്നതില്‍ ജീവശാസ്ത്രവും.' ടീച്ചര്‍ പറയുന്നു.

എഴുത്തുകാരനും പ്രശസ്ത ശാസ്ത്രസാഹിത്യകാരനും അധ്യാപകനുമായ പ്രൊഫ. എസ്. ശിവദാസാണ് ഭര്‍ത്താവ്. മക്കള്‍: ദീപു, അപു. മരുമക്കള്‍: ദീപ, സരിത.

Content Highlights: Retired Teacher from kerala start a cookery youtube channel