വേനല്‍ ചൂട് കടുത്തു കൊണ്ടിരിക്കുകയാണ്. നിര്‍ജ്ജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളവും പഴങ്ങളും കഴിക്കേണ്ടത് അത്യാവശ്യമാണ്. ബോളിവുഡിലും തെന്നിന്ത്യയിലും ശ്രദ്ധേയായ നടി രാകുല്‍ പ്രീത് സിങ്ങ്‌ വേനല്‍ചൂടിനെ പ്രതിരോധിക്കാനുള്ള ഒരു പരിഹാരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ബാര്‍ളി വെള്ളം ഈ കാലത്ത് കുടിക്കാന്‍ മികച്ചതാണെന്ന് രാകുല്‍ പറയുന്നു.

വേനല്‍ചൂടിനെ എങ്ങനെ പ്രതിരോധിക്കുമെന്ന് ആലോചിക്കുകയാണോ? ബാര്‍ളി വെള്ളം മികച്ച പരിഹാരമാണ്. ന്യൂട്രീഷനലിസ്റ്റ് മുന്‍മുന്‍ ഗനേരിവാളാണ് ഇത് നിര്‍ദേശിച്ചത്. വേനല്‍കാല പ്രശ്‌നങ്ങളില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് മോചനം ലഭിക്കും - രാകുല്‍ പറയുന്നു ഇതോടൊപ്പം ബാര്‍ളി വെള്ളം പിടിച്ചു നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ബാര്‍ളി വെള്ളം എങ്ങനെ തയ്യാറാക്കാം

രണ്ട് ടേബിള്‍ സ്പൂണ്‍ ബാര്‍ളി രാത്രി ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ കുതിരാന്‍ വയ്ക്കുക. പിറ്റേന്ന് വെള്ളം മുഴുവന്‍ ഊറ്റി കളഞ്ഞ ശേഷം ബാര്‍ളി രണ്ട് കപ്പ് വെള്ളത്തില്‍ തിളപ്പിക്കാന്‍ വെയ്ക്കാം. പതിനഞ്ച് മിനിറ്റിന് ശേഷം ബാര്‍ളി വെന്ത വെള്ളം മാറ്റി വെയ്ക്കാം. ഇതിലേക്ക് രുചി അനുസരിച്ച് ഉപ്പോ പഞ്ചസാരയോ നാരങ്ങനിരോ ചേര്‍ത്ത് കുടിക്കാം

Content Highlights: Rakul Preet Singh suggests a healthy drink