ചെന്നൈ: താരങ്ങളുടെ ജന്മദിനത്തില്‍ ആരാധകര്‍ പലതരത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും അതിനിടയില്‍ വ്യത്യസ്തനാവുകയാണ് ചെന്നൈയിലെ ഒരു രജനീകാന്ത് ആരാധകന്‍.

സൂപ്പര്‍സ്റ്റാറിന്റെ 69ാം ജന്മദിനത്തില്‍ താരത്തിന് സമര്‍പ്പിച്ച് ന്യായവില ഹോട്ടലാരംഭിച്ചിരിക്കുകയാണ് കക്ഷി. രജനിയുടെ സിനിമകളില്‍നിന്ന് പ്രചോദനം കൊണ്ട് 'പ്രയത്‌നശാലി' എന്ന് അര്‍ഥം വരുന്ന 'ഉഴൈപ്പാളി' എന്നാണ് ഹോട്ടലിന് പേരിട്ടിരിക്കുന്നത്. ചെന്നൈ മണപ്പാക്കം എം.ജി. റോഡില്‍ ആരംഭിച്ചിരിക്കുന്ന സസ്യഭക്ഷണം മാത്രം ലഭിക്കുന്ന ഹോട്ടലില്‍ ന്യായവില മാത്രമല്ല, നൂറുശതമാനം പോഷകഗുണമുള്ള ഭക്ഷണം ലഭിക്കുമെന്നും കടയുടമയായ കെ.വീരബാബു പറഞ്ഞു. പത്ത് രൂപ മുതല്‍ ഭക്ഷണം ലഭിക്കും. കുറഞ്ഞ പണത്തിന് നല്ല ഭക്ഷണം പാവപ്പെട്ടവര്‍ക്ക് നല്‍കാനാണ് ശ്രമം. കൂടുതലായി പാരമ്പര്യവിഭവങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നത്. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണെന്നും ഡോക്ടര്‍ കൂടിയായ വീരബാബു പറയുന്നു. രാഷ്ട്രീയത്തിലിറങ്ങാനൊരുങ്ങുന്ന താരത്തിന് ആരാധകരെ വര്‍ധിപ്പിക്കാനും ആളുകള്‍ക്കിടയില്‍ പിന്തുണ വര്‍ധിപ്പിക്കാനാണ് തന്റെ ശ്രമമെന്നും വീരബാബു കൂട്ടിച്ചേര്‍ത്തു.

രജനീകാന്തിന്റെ കടുത്ത ആരാധകനായ വീരബാബു ഇഷ്ടതാരത്തിന്റെ ചിത്രങ്ങളും പ്രചോദനാത്മകമായ വരികളും ഹോട്ടലിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 20 പേരാണ് ഹോട്ടലില്‍ ജീവനക്കാരായുള്ളത്.

Content Highlights: Rajanikanth fan started hotel named uzhaipaali