സുല്‍ത്താന്‍ബത്തേരി: ആറാം മൈലിലെ വര്‍ഗീസിന്റെ ചായക്കടയ്ക്ക് അമ്പരപ്പിന്റെ വൈകുന്നേരമാണ് ശനിയാഴ്ച രാഹുല്‍ഗാന്ധി സമ്മാനിച്ചത്. പുല്പള്ളിയില്‍നിന്ന് ബത്തേരിയിലേക്കുള്ള വഴിമധ്യേയായിരുന്നു രാഹുലിന്റെ അപ്രതീക്ഷിത നീക്കം. ജനക്കൂട്ടത്തിനിടയിലൂടെ കടയിലേക്ക് കയറിവന്ന ആളെക്കണ്ട്, കടയുടമ വര്‍ഗീസ് ആദ്യമൊന്ന് ഞെട്ടി. അമ്പരപ്പ് വിട്ടുമാറിയില്ലെങ്കിലും വര്‍ഗീസും ഭാര്യ മിനിയും ചേര്‍ന്ന് കടയിലുള്ള പലഹാരങ്ങളും ചായയും നല്‍കി രാഹുലിനെ സത്കരിച്ചു. ചായയും പഴവും ഉള്ളിവടയും പക്കവടയും കഴിക്കുന്നതിനിടെ പുറത്തുള്ളവരുടെ അഭിവാദ്യങ്ങള്‍ സ്വീകരിക്കാനും അദ്ദേഹം മറന്നില്ല. ചായതീരും മുമ്പ് വര്‍ഗീസിന്റെ ചായക്കടയ്കുമുന്നില്‍ ജനക്കൂട്ടം പെരുകി. 
 
ചെതലയം ആറാംമൈലില്‍ സ്വീകരണ ചടങ്ങുകളൊന്നും നിശ്ചയിച്ചിരുന്നില്ലെങ്കിലും വഴിയരികില്‍ ജനംകൂടി നില്‍ക്കുന്നതുകണ്ട് രാഹുല്‍ അവിടെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പുല്പള്ളിയിലെ റോഡ് ഷോയ്ക്കുശേഷം ബത്തേരിയിലേക്ക് വരുന്നതിനിടെയാണ് രാഹുല്‍ ആറാംമൈലില്‍ ഇറങ്ങിയത്. 
 
രാാഹുല്‍ വന്നതറിഞ്ഞ് വീട്ടമ്മമാരടക്കം ഒട്ടേറെപ്പേരാണ് വര്‍ഗീസിന്റെ ചായക്കടയുടെ മുന്നിലേക്ക് ഒഴുകിയെത്തിയത്. കടയുടെ മുന്നില്‍ ജനംതടിച്ചുകൂടിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരും കുഴങ്ങി.  ചായയും പലഹാരവും രുചികരമായിട്ടുണ്ടെന്ന് പറഞ്ഞ രാഹുല്‍ വര്‍ഗീസിനോട് കച്ചവടത്തെക്കുറിച്ചും വീട്ടുകാര്യങ്ങളെക്കുറിച്ചും അന്വേഷിച്ചാണ് പുറത്തിറങ്ങിയത്.
 
കടയിലെ വര്‍ത്തമാനങ്ങള്‍ക്ക് പരിഭാഷകയായി ഒപ്പംകൂടിയ പ്രദേശവാസിയായ വിദ്യാര്‍ഥിനി നൂര്‍വീന കണ്ണിയനൊപ്പം സെല്‍ഫിയെടുത്ത രാഹുല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള എന്താവശ്യമുണ്ടെങ്കിലും അറിയിക്കണമെന്ന് നിര്‍ദേശിച്ചു. 
 
20 മിനിറ്റോളം ഇവിടെ ചെലവഴിച്ച ശേഷമാണ് രാഹുല്‍ ബത്തേരിയിലേക്കുള്ള യാത്ര തുടര്‍ന്നത്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുകുള്‍ വാസ്‌നിക്, കെ.സി. വേണുഗോപാല്‍, ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍, കെ.കെ. അബ്രഹാം തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു.
 
Content Highlights: Rahul gandi wayanad, rahul gandi  in a local tea shop, loksabha election