രാഹുലും ദീപ്ചന്ദും ചോലെ ബട്ടൂരെ പാചകംചെയ്യുന്നു
ന്യൂഡല്‍ഹി: സഹോദരി പ്രിയങ്ക ഗാന്ധിക്കിഷ്ടം ചോലെ ബട്ടൂരെ ആയതിനാല്‍ കാര്‍ഗില്‍ യുദ്ധവീരന് നായിക് ദീപ്ചന്ദില്നിന്ന് പാചകംപഠിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാണയിലെ പാവ്ഡയിലുള്ള ദീപ്ചന്ദിന്റെ വീട്ടിലെത്തിയാണ് രാഹുല്‍ ചോലെ ബട്ടൂരെ ഉണ്ടാക്കാന്‍ പഠിച്ചത്. മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ നവംബര്‍ 18-ന് ഭാരത് ജോഡോ യാത്രയില്‍ ദീപ്ചന്ദും ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പങ്കെടുത്തിരുന്നു. അന്നാണ് രാഹുല്‍ ദീപ്ചന്ദ് മികച്ച പാചകക്കാരനാണെന്ന് മനസ്സിലാക്കിയത്. താന്‍ പാചകംപഠിക്കാന് വരുമെന്നും ദീപ്ചന്ദിനോട് രാഹുല്‍ പറഞ്ഞു. പിന്നാലെയാണ് യാത്ര ഹരിയാണയിലെത്തിയപ്പോള് ദീപ്ചന്ദിന്റെ വസതിയിലെത്തിയത്.
കാര്‍ഗില്‍ യുദ്ധത്തില്‍ ഇരുകാലുകളും ഒരു കൈയ്യും നഷ്ടപ്പെട്ട 1889 മിസൈല്‍ റജിമെന്റിലെ നായക്കാണ് ദീപ്ചന്ദ്. സഹോദരി പ്രിയങ്കക്ക് ചോലെ ബട്ടൂരെ ഇഷ്ടമായതിനാലാണ് ലോകത്തെ ഏറ്റവും മികച്ച ചോലെ ബട്ടൂരെ പാചകക്കാരനില്‍ നിന്ന് അതു പഠിക്കാനെത്തിയതെന്ന് രാഹുല്‍ പറഞ്ഞു. അടുക്കളയില്‍ മാവു കുഴയ്ക്കാനും ഉരുട്ടാനും രാഹുല്‍ പങ്കുചേര്‍ന്നു.
യുദ്ധത്തില്‍ മുറിവേറ്റ സൈനികരെ വേണ്ടപോലെ പരിഗണിക്കുന്നില്ലെന്ന പരാതി ഇതിനിടയില്‍ രാഹുലിനോട് ദീപ്ചന്ദ് പറഞ്ഞു. 'രാജ്യത്ത് നമ്മള് വിഗ്രഹങ്ങളെ പൂജിക്കുന്നു. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ ആരും ഞങ്ങളെ അഭിനന്ദിക്കുന്നില്ല. ആരും സഹായിക്കുന്നില്ല. ഞാന്‍ മരിച്ചാല്‍ എന്റെ മക്കള്‍ നിങ്ങളെ വന്നുകാണും. അപ്പോള്‍ നിങ്ങള്‍ സ്മാരകം നിര്‍മിക്കാമെന്നു പറയും. നിങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ അര്‍ഹിക്കുന്നത് നല്‍കേണ്ടേ. എപ്പോഴാണ് അവരെ അംഗീകരിക്കുക'- ദീപ്ചന്ദ് ചോദിച്ചു.
Content Highlights: rahul gandhi learned cooking from Naik, priyankas favorite food is chole bature, food, cooking
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..