കൊച്ചി: ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകൾ ജി.എസ്.ടി. പരിധിയിലായാലും ഓൺലൈനിൽ ഭക്ഷണം വാങ്ങുന്നതിന് വിലകൂടില്ല. ഓൺലൈൻ ഭക്ഷണ ഓർഡറുകൾക്ക് സൊമാറ്റോ, സ്വിഗ്ഗി പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നേരിട്ട് അഞ്ച് ശതമാനം ജി.എസ്.ടി. ഈടാക്കാനാണ് 45-ാമത് ജി. എസ്.ടി. കൗൺസിൽ യോഗത്തിൽ തീരുമാനമായിട്ടുള്ളത്.

നിലവിൽ റെസ്റ്റോറന്റുകൾ വിൽക്കുന്ന പാകം ചെയ്ത ഭക്ഷണത്തിന് നികുതി വകുപ്പ് അഞ്ചു ശതമാനം ജി.എസ്.ടി. ചുമത്തുന്നുണ്ട്. ഓൺലൈൻ ഭക്ഷണ വിതരണ കാര്യത്തിൽ സൊമാറ്റോ, സ്വിഗ്ഗ്വി തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഈ ജി.എസ്.ടി. ഉപഭോക്താക്കളിൽ നിന്ന് ഈടാക്കി റെസ്റ്റോറന്റുകൾക്ക് കൈമാറുകയും റെസ്റ്റോറന്റുകൾ അത് സർക്കാരിലേക്ക് അടയ്ക്കുകയുമാണ് ചെയ്യുന്നത്.

ഈ രീതിയിൽ ചില റെസ്റ്റോറന്റുകൾ നികുതി വെട്ടിപ്പ് നടത്തുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിനാലാണ്, ഓൺലൈൻ ഭക്ഷണ വിതരണത്തിന് അതത് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നേരിട്ട് നികുതി പിരിക്കാൻ ജി.എസ്.ടി. കൗൺസിൽ യോഗം തീരുമാനിച്ചത്.

അതായത്, അടുത്ത വർഷം ജനുവരി ഒന്നു മുതൽ ഭക്ഷണ വിതരണ ആപ്പുകൾ നേരിട്ട് ഓർഡറുകൾക്ക് നികുതി പിരിച്ച് നേരിട്ട് സർക്കാരിലേക്ക് അടയ്ക്കണം. ഫലത്തിൽ നികുതി ഈടാക്കുന്ന സ്ഥലം മാത്രമാണ് മാറിയത്.

ഇത് ഓൺലൈനിൽ ഭക്ഷണം വാങ്ങുന്നവരെ യാതൊരു രീതിയിലും ബാധിക്കില്ല. നിലവിൽ നൽകുന്ന അഞ്ച് ശതമാനം നികുതിയും 18 ശതമാനം സർവീസ് ചാർജും തുടർന്നും നൽകണം. അതേസമയം, നികുതിവെട്ടിപ്പ് നടത്തുന്ന റെസ്റ്റോറന്റുകൾക്കും കോമ്പോസിഷൻ സ്‌കീമിൽ വരുന്ന ചെറുകിട ഹോട്ടലുകൾക്കും നീക്കം തിരിച്ചടിയാകും.

100 രൂപ വില വരുന്ന ഭക്ഷണത്തിന് 30 ശതമാനം കമ്മിഷനടക്കമാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഈടാക്കുന്നത്.

ഇതിനു പുറമേ, ജി.എസ്.ടി.യും സർവീസ് ചാർജും ഡെലിവെറി ചാർജും ഉപഭോക്താക്കൾ നൽകേണ്ടിവരുന്നുണ്ടെന്നും കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.) സംസ്ഥാന പ്രസിഡന്റ് എം. മൊയ്തീൻകുട്ടി പറഞ്ഞു.

Content highlights: price will not increase for online food order