കൊറോണക്കാലത്തെ ലോക്ക്ഡൗണിനു ശേഷം ബിസിനസ് സജീവമാക്കാൻ പുത്തൻ ആശയങ്ങളുമായെത്തുകയാണ് മിക്ക സംരംഭകരും. അടുത്തിടെ ഒരു ഹോട്ടൽ സ്വർണം പൂശിയ ടോയ്ലറ്റും ടബ്ബുമൊക്കെയായി നവീകരിച്ച വാർത്ത കേട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു കിടിലൻ ആശയമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവിടെ അണ്ടർ​ഗ്രൗണ്ടിൽ ഉണ്ടായിരുന്ന സ്വിമ്മിങ് പൂളിനെ മനോഹരമായ റെസ്റ്ററന്റ് ആയി നവീകരിച്ചിരിക്കുകയാണ്. 

പാരീസിലുള്ള ലെസ് ബെയ്ൻസ് എന്ന ഹോട്ടലാണ് വ്യത്യസ്തമായ ആശയവുമായി സമൂഹമാധ്യമത്തിൽ നിറയുന്നത്. പാൻഡെമിക് മൂലം ആറുമാസത്തോളം ലെസ് ബെയ്ൻസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഹോട്ടലിലെ ഐക്കണിക് പൂളിനെ വറ്റിച്ചെടുത്ത് മനോഹരമായ ഡൈനിങ് ഏരിയയൊരുക്കിയിരിക്കുകയാണ് ഹോട്ടൽ അധികൃതർ. 

1885ൽ നിർമിക്കപ്പെട്ട ഹോട്ടലിന്റെ നിലവറയിലെ പൂൾ അൽപം രഹസ്യഅറയ്ക്കു സമാനമായിരുന്നു. ഹോട്ടലിന് റെസ്റ്ററന്റിന്റെ പരിവേഷം നൽകിയതോടെ കൂടുതൽ പേരെത്തുമെന്നാണ് ഹോട്ടൽ അധികൃതർ കരുതുന്നത്. നീളൻ മേശകളും കസേരകളുും മനോഹരമായ ലൈറ്റിങ്ങുമൊക്കെയായാണ് ഈയിടം ഒരുക്കിയിരിക്കുന്നത്. 

മുപ്പത്തിയൊമ്പതോളം മുറികളുള്ള ഹോട്ടൽ നിലവിൽ റെസ്റ്ററന്റ് സൗകര്യം മാത്രമേ പുനരാരംഭിച്ചിട്ടുള്ളു. അതിഥികൾക്ക് മുൻകൂട്ടി ബുക് ചെയ്താൽ മാത്രമേ പ്രവേശനം ലഭ്യമാകൂ. ഹോട്ടലിന്റെ മറ്റു ഭാ​ഗങ്ങളിലും ഭക്ഷണ ഇടങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും സ്വിമ്മിങ് പൂളിനെ ഡൈനിങ് ഏരിയയാക്കി മാറ്റിയ അനുഭവം അതിഥികൾക്ക് സ്പെഷലായിരിക്കുമെന്നാണ് അധികൃതർ കരുതുന്നത്. 

പത്തൊമ്പതാം നൂറ്റാണ്ടിൽ ബാത്ഹൗസായും 1978ൽ നൈറ്റ് ക്ലബായും ഉപയോ​ഗിച്ച ഇടമാണ് പിൽക്കാലത്ത് ഹോട്ടലാക്കി മാറ്റിയത്. 

Content Highlights: Paris hotel drains underground swimming pool to convert it into a restaurant