പറവൂർ വാണിയക്കാട് കൃഷ്ണൻകുട്ടി പരമ്പരാഗതരീതിയിൽ പപ്പടം ഉണ്ടാക്കുന്നു
പറവൂര്‍:'പപ്പടം പഴം പായസ'മെന്ന വാക്കിന്റെ പഴമയ്ക്കുതന്നെ കാലനിര്‍ണയമില്ല. ഓണനാളിലുയരുന്ന ഭക്ഷണവിശേഷങ്ങള്‍ ഇതില്‍ തുടങ്ങുന്നു. വാക്കിന്റെ തുടക്കംതന്നെ പപ്പടത്തെ ഒന്നാമനാക്കിയതില്‍നിന്നും കാര്യം വ്യക്തം. പപ്പടമില്ലാത്ത ഓണമില്ല.
പപ്പടം ഉണ്ടാക്കുന്ന രീതിയിലും മറ്റും ഒരുപാട് മാറ്റങ്ങള്‍ വന്നെങ്കിലും പരമ്പരാഗത ശൈലിയില്‍ കൈപപ്പടം ഉണ്ടാക്കുന്നവര്‍ ഇന്നും പറവൂരിലുണ്ട്. വാണിയക്കാട് പനച്ചിക്കപ്പറമ്പ് കൃഷ്ണന്‍കുട്ടിയും ഭാര്യ ഗിരിജയും പഴയരീതിയില്‍ പപ്പടമുണ്ടാക്കി വില്‍പ്പന നടത്തുന്നവരാണ്. ഓണം അടുത്തതോടെ ഇവരുടെ നാടന്‍ പപ്പടത്തിന് ആവശ്യക്കാരേറുകയാണ്.
കുഴച്ചു തയ്യാറാക്കിയ മാവ് ആദ്യം ചെറുതാക്കി നുറുക്കിയിടും. പിന്നീട് നിലത്തിരുന്ന് പലകയില്‍ റൂള്‍ തടികൊണ്ട് പരത്തിയാണ് പപ്പട നിര്‍മാണം. കല്ലുപ്പ് കലക്കി വെളിച്ചെണ്ണയും പപ്പടക്കാരവും ചേര്‍ത്ത് ചൂടാക്കും. ഉഴുന്നുപൊടിയിട്ട് ശക്തിയായി കുഴച്ചാണ് മാവുണ്ടാക്കുന്നത്. പിന്നീടത് വലിച്ചുനീട്ടി മയപ്പെടുത്തും. ഒരുദിവസം ഇരുവരും ചേര്‍ന്ന് മൂവായിരത്തിനു മേല്‍ പപ്പടം ഉണ്ടാക്കും. രാവിലെ അഞ്ചിന് തുടങ്ങുന്ന പണി ഉച്ചകഴിയുന്നതോടെയാണ് തീരുക.
വീടുകളില്‍ വറക്കുന്ന സാധാരണ പപ്പടം ഒരു കെട്ടിന് 100 രൂപയാണ് വില. പപ്പടം വെയിലത്തിട്ട് ഉണക്കുന്ന രീതി ഇപ്പോഴില്ല. ചണച്ചാക്കില്‍ ഉപ്പുപുരട്ടി അതിലിട്ടാണ് പപ്പടം ഉണക്കുന്നത്. പരമ്പരാഗത രീതിയില്‍ ഉണ്ടാക്കുന്നതില്‍ മറ്റ് മായങ്ങളിലാത്തതിനാല്‍ മൂന്നുനാലു ദിവസമേ ഇരിക്കുകയുള്ളു. പൂര്‍ണമായി യന്ത്രത്തിലുണ്ടാക്കി വിപണിയിലെത്തിക്കുന്ന പാക്കറ്റ് പപ്പടത്തോട് മത്സരിച്ചുമുന്നേറുക വളരെ പ്രയാസമാണെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. യന്ത്രപപ്പടം മാസങ്ങളോളം ഒരേ രീതിയിലിരിക്കും.
അച്ഛന്‍ തങ്കപ്പനും അമ്മ പാറുക്കുട്ടിയും പപ്പട പ്പണിക്കാരായിരുന്നു. അവരില്‍ നിന്നും അഞ്ചു വയസ്സിലാണ് കൃഷ്ണന്‍കുട്ടിയും പപ്പട നിര്‍മാണം പഠിച്ചത്. പണ്ട് ഇവര്‍ക്ക് പപ്പടക്കട ഉണ്ടായിരുന്നു.
കാലങ്ങള്‍ എത്രകഴിഞ്ഞാലും മലയാളിയുടെ നാവില്‍ പപ്പടത്തിന്റെ രസവും കുമിള ഒടിയുന്ന ശബ്ദവും മറക്കില്ല.
Content Highlights: pappadam making, krishnankutty from paravoor, food


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..