സുല്‍ത്താന്‍ബത്തേരി: കേരളത്തിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖല കൈയ്യടക്കിവച്ചിരിക്കുന്ന ബഹുരാഷ്ട്ര ഓണ്‍ലൈന്‍ കുത്തക കമ്പനികള്‍ക്ക് വെല്ലുവിളിയുമായി ഒരു മലയാളി ആപ്പ് ' ഫുഡോയസ്്' (foodoyes) കടന്നുവരുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനായി കേരളത്തിലെ ഹോട്ടലുകളെ ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ് ഫുഡോയസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഗലയിലെ കോര്‍പ്പറേറ്റുകളുയര്‍ത്തുന്ന ചൂഷണങ്ങളെ ഒഴിവാക്കാനാകുമെന്നതിനാല്‍ ഹോട്ടലുടമകളും ഈ സംരംഭത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്.
നിലവില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ അവരുടെ ബ്രാഡിലാണ് ഭക്ഷണ സാധനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഓണ്‍ലൈന്‍ ഭക്ഷണ വില്പന നടത്തുന്നതിന് സര്‍വീസ് ചാര്‍ജായി ഹോട്ടലുടമകളില്‍ നിന്നും ബില്ലിന്റെ നിശ്ചിത ശതമാനവും അതിന്റെ ജി.എസ്.ടി.യുമടക്കം ഇവര്‍ ഇടാക്കുന്നുണ്ട്. ഇതോടൊപ്പം കമ്പനികള്‍ നല്‍കുന്ന ഓഫറുകളുടെ പേരിലും വന്‍ നഷ്ടമാണ് ഹോട്ടലുടമകള്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. എന്നാല്‍ ഫുഡോയസിലൂടെ ഈ സാമ്പത്തിക നഷ്ടമെല്ലാം ഒഴിവാക്കാം. ഹോട്ടലുകള്‍ക്ക് സ്വന്തം ബ്രാഡില്‍ ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ കഴിയും. ആപ്ലിക്കേഷന്റെ സേവനത്തിനായി മാസം തുശ്ചമായ തുക നല്‍കിയാല്‍മാത്രം മതി. ഹോട്ടലുകള്‍ക്ക് സ്വന്തം നിലയില്‍ ഉപഭോക്താക്കളിലേക്ക് ഭക്ഷണം എത്തിച്ചുനല്‍കാം. ഇതിനുള്ള സൗകര്യമില്ലെങ്കില്‍ ഫുഡോയസിന്റെ ഡെവിലറി സംവിധാനം ഉപയോഗപ്പെടുത്താം.
വയനാട് സുല്‍ത്താന്‍ബത്തേരിയിലെ യുണീക് ഡോട്സ് എന്ന കമ്പനിയുടെ ഉടമയായ അനു കൃഷ്ണനും സഹോദരന്‍ മനു കൃഷ്ണനും ചേര്‍ന്നാണ് ഈ പുതിയ ആശയം കണ്ടെത്തിയതും ആപ്ലിക്കേഷന്‍ വികസിപ്പിച്ചതും. ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനുമായി യുണീക് ഡോട്സ് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും അനു കൃഷ്ണന്‍ മാതൃഭൂമിയോട് പറഞ്ഞു. ഏത് ചെറുകിട ഹോട്ടലുടമയ്ക്കും ഫുഡോയസില്‍ പങ്കുചേരാനാവും. ഓരോ ഹോട്ടലുകള്‍ക്കും സ്വന്തമായൊരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചു നല്‍കുകയാണ് യൂണീക് ഡോട്സ്. ഈ ആപ്ലിക്കേഷനുകളെല്ലാം ഒരു പ്ലാറ്റ് ഫോമില്‍ ലഭിക്കും, അതാണ് ഫുഡോയസ്്. ഈ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതി. ഓരോ സ്ഥലത്തെത്തുമ്പോഴും അവിടുത്തെ ഹോട്ടലുകളെക്കുറിച്ചും ഭക്ഷണ വിഭവങ്ങളെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭിക്കും. തുടര്‍ന്ന് ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുത്ത ഹോട്ടലില്‍ നിന്നും ഓണ്‍ലൈനായി ഓഡര്‍ ചെയ്യാം. ആന്‍ഡ്രോയിഡിലും ഐ.ഒ.എസ്സിലും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാവും. കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെയുള്ള കേരളത്തിലെ എല്ലാ ജില്ലകളിലുള്ള ഹോട്ടലുകളും ഫുഡ്ഓയസിന്റെ ഭാഗമാകുന്നതിനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ലോഞ്ചിങ്ങിന് ശേഷം ഫുഡോയസ്് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവസംരംഭകര്‍. ഇവരുടെ ആശയത്തെക്കുറിച്ചറിഞ്ഞ് ഗര്‍ഫിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ വഴിയുള്ള ഭക്ഷണം വിതരണം വ്യാപകമായതോടെ, നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതികള്‍ ഉയരുന്നുണ്ട്. ഹോട്ടലുകളുടെ ബ്രാന്‍ഡില്‍തന്നെ ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലൂടെ വിശ്വസ്തതയും ശുചിത്വമുള്ള ഭക്ഷണവുമാണ് ഫുഡ്ഓയസ് ഉറപ്പ് നല്‍കുന്നതെന്ന് മനു കൃഷ്ണന്‍ പറഞ്ഞു. ഹോട്ടലുകളില്‍ ഓഡര്‍ ചെയ്ത ഭക്ഷണം ലഭിക്കാനുള്ള സമയ നഷ്ടം ഒഴിവാക്കുന്നതിനായി, ഹോട്ടലുകളില്‍ എത്തും മുമ്പേ അവിടുത്തെ മെനു അനുസരിച്ച് മുന്‍കൂട്ടി ഭക്ഷണം ബൂക്ക് ചെയ്യുന്നതിനുള്ള 'പ്രീ ബുക്കിങ്' സംവിധാനവും അടുത്ത ഘട്ടത്തില്‍ നടപ്പാക്കാനാണ് ഇവരുടെ ലക്ഷ്യം.
Content Highlights: online food app foodoyes