കിഴക്കമ്പലം: 60 വര്‍ഷം മുമ്പ് പിതാവ് ആരംഭിച്ച കടയില്‍ പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന ചേരുവകള്‍ അതേപടി ഇപ്പോഴും ചേര്‍ത്ത് പാകപ്പെടുത്തുന്ന അപൂര്‍വം ചാടക്കടകളിലൊന്നാണ് പട്ടിമറ്റത്തെ സദാനന്ദന്റെ ചായക്കട. ഇവിടെ കയറി ഒരുപ്രാവശ്യം ചായകഴിച്ചവര്‍ പിന്നീടും വരും. അത്രമാത്രം പഴമ നിലര്‍ത്തുന്നു. പട്ടിമറ്റത്ത് എത്തിയിട്ടുള്ള ഒട്ടേറെ രാഷ്ട്രീയ നേതാക്കളാണ് ഈ കടയിലെ രുചിയറിഞ്ഞിട്ടുള്ളത്. അവരൊക്കെ പിന്നീട് വന്നിട്ടുണ്ടെങ്കില്‍ ഈ ചായക്കടയില്‍ കയറിയിട്ടുണ്ടാകും. രാഷ്ട്രീയക്കാരുടെ ഇഷ്ടഭക്ഷണ കേന്ദ്രങ്ങളിലൊന്നായ പട്ടിമറ്റത്തെ സദാനന്ദന്റെ ചായക്കട ആറു പതിറ്റാണ്ട് പിന്നിട്ടു.

കൈപ്പുണ്യം കൈമുതലാക്കി പിതാവ് പൊത്താംകുഴിയില്‍ കൃഷ്ണനാണ് കാലങ്ങള്‍ക്കു മുമ്പേ ടൗണിലൊരു ചായപ്പീടിക തുറന്നത്. ദോശയും ചമ്മന്തിയും, പരിപ്പുവട, ഉഴുന്നുവട, പപ്പടവട, പഴം ബോളി എന്നിവയായിരുന്നു മെനു. അതിനിന്നും മാറ്റമില്ല. അച്ഛന് സഹായിയായി പത്താം വയസ്സില്‍ കടയിലെത്തിയതാണ് സദാനന്ദന്‍. റോഡ് വികസനത്തിന്റെ ഭാഗമായി രണ്ടിടങ്ങളിലേക്ക് മാറിയതൊഴിച്ചാല്‍ കടയിലെ മെനുവോ, പ്രവര്‍ത്തന രീതിക്കോ ഒരു മാറ്റവുമില്ല. ഇപ്പോള്‍ ഗുരുമന്ദിരത്തിനടുത്തേക്ക് കട മാറ്റിയെന്നു മാത്രം. ഇവിടത്തെ പലഹാരരുചിക്കൊപ്പമെത്താന്‍ പരിശ്രമിച്ചവരൊക്കെ തോറ്റുമടങ്ങി. രഹസ്യം പിതാവ് പകര്‍ന്ന കൈപ്പുണ്യമെന്നാണ് സദാനന്ദന്റെ പക്ഷം. ബര്‍ഗറും പിസ്സയും സാന്‍ഡ്‌വിച്ചും യുവതലമുറയുടെ ഹരമായി മാറിയപ്പോഴും വൈകീട്ടത്തെ സദാനന്ദന്റെ പലഹാരങ്ങള്‍ അവര്‍ക്കിന്നും പ്രിയമാണ്. 

1982ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.സി.സി. നിരീക്ഷകനായിരുന്ന ഡോ. ശങ്കര്‍ദയാല്‍ ശര്‍മയും (മുന്‍ രാഷ്ട്രപ്രതി) മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും ഇവിടെക്കയറി ചായ കുടിച്ചിട്ടുണ്ട്. അന്നന്ന് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ വിറ്റുതീരും. ഒന്നും പിറ്റേന്നത്തേക്ക് ബാക്കിവെക്കില്ല. രാവിലെ തുറക്കുന്ന കടയില്‍ വില്‍പന വൈകീട്ടുമാത്രം. പലഹാരം ഉണ്ടാക്കുന്നതും വില്‍ക്കുന്നതും കടയുടമ തന്നെ. കോവിഡ്കാലമായതിനാല്‍ കടയിലിരുന്നുള്ള കഴിക്കല്‍ കുറഞ്ഞപ്പോള്‍ പാഴ്‌സലാണ് പ്രധാനം.

Content Highlights: old tea shop in pattimattom