മന്നംപറ്റയിൽ ആരംഭിച്ച ‘പാരിജാതം’ വനിതാസംഘത്തോടൊപ്പം സദ്യ വിളമ്പുന്ന ശ്രീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് സി. രാജിക
കോങ്ങാട്: കല്യാണത്തിന് സദ്യയുണ്ണാന്‍ കയറിയവരുടെ ഇലയിലേക്ക് വിഭവങ്ങള്‍ വിളമ്പിയ മുഖം പലര്‍ക്കും പരിചിതമായിരുന്നു. ശ്രീകൃഷ്ണപുരം ഗ്രാമപ്പഞ്ചായത്തിനെ സംസ്ഥാനത്തെ മികച്ച പഞ്ചായത്താക്കി ഉയര്‍ത്തിയ പ്രസിഡന്റ് സി. രാജികയായിരുന്നു അത്. ''എന്താണ് പ്രസിഡന്റേ... ഇപ്പോ സദ്യ വിളമ്പലിലും കൈവെച്ചോ...''യെന്ന് അമ്പരപ്പോടെ ചോദിക്കുന്നവരോട് ''ഇതൊക്കെ നമ്മളും പഠിച്ചതാണപ്പാ...'' എന്ന് ചെറിയൊരു പുഞ്ചിരിയോടെ രാജിക മറുപടി നല്‍കും.
പഠിച്ച തൊഴിലില്‍ വീണ്ടുമൊരു കൈ നോക്കാനിറങ്ങിയിരിക്കുകയാണ് സി.പി.എം. ഭരിക്കുന്ന ശ്രീകൃഷ്ണപുരം പഞ്ചായത്തിന്റെ പ്രസിഡന്റ് സി. രാജിക. ശ്രീകൃഷ്ണപുരത്ത് 16 വനിതകളെ ചേര്‍ത്ത് രൂപവത്കരിച്ച 'പാരിജാതം' വനിതാ ഇവന്റ് മാനേജ്മെന്റ് സംഘത്തിലാണ് രാജികയും അംഗമായത്. പ്രസിഡന്റാവുന്നതിനുമുന്പ് കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷയായിരുന്ന രാജികയും സംഘവും സദ്യ വിളമ്പലുമായി കല്യാണങ്ങളില്‍ സ്ഥിരംസാന്നിധ്യമായിരുന്നു. 2020-ല്‍ പഞ്ചായത്ത് പ്രസിഡന്റായതിനുശേഷം ആദ്യമായാണ് പഴയ തൊഴിലിലേക്ക് വീണ്ടുമെത്തുന്നത്. ഭര്‍ത്താവിന്റെ മരണശേഷം മകന് വിഷ്ണുവടക്കമുള്ള കുടുംബം രാജികയുടെ വരുമാനത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.
''പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ കിട്ടുന്ന 14,200 രൂപ ഓണറേറിയവും ആയിരത്തില്‍ താഴെ വരുന്ന സിറ്റിങ് ഫീയുമായി കുടുംബം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ്. ഇതാവുമ്പോള്‍ എളുപ്പമുണ്ട്. ചെയ്തിരുന്ന തൊഴില്‍ മറക്കരുതല്ലോ...'' എന്നാണ് രാജിക പറയുന്നത്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി സ്ഥിരമായി നേടിവരുന്ന ശ്രീകൃഷ്ണപുരം പഞ്ചായത്ത്, രാജിക പ്രസിഡന്റായ 2020-ല്‍ ജില്ലയില്‍ ഒന്നാമതും 2021-ല്‍ രണ്ടാമതുമായിരുന്നു. രാജികയും കൂട്ടുകാരികളും ഞായറാഴ്ച കോങ്ങാട് മാഞ്ചേരിക്കാവ് മണീസ് ഓഡിറ്റോറിയത്തില്‍ നടന്ന കല്യാണത്തിലാണ് വീണ്ടും വിളമ്പുകാരായെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..