ഇക്കോണമിസ്റ്റും 2019-ലെ നോബേല്‍ പുരസ്‌കാര ജേതാവുമായ അഭിജിത് ബാനര്‍ജി നല്ലൊരു ഷെഫ് കൂടിയാണെന്ന് എത്രപേര്‍ക്കറിയാം. പാചകത്തില്‍ മുഴുകിയിരിക്കുന്ന അഭിജിത് ബാനര്‍ജിയുടെയും അദ്ദേഹം തയ്യാറാക്കിയ വിഭവങ്ങളുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ കൊതിപിടിപ്പിക്കുന്നത്. ദാരിദ്ര്യം ഇല്ലാതാക്കുന്നതിന് നല്‍കിയ സംഭാവനകളാണ് അഭിജിത് ബാനര്‍ജിക്കും ഭാര്യ എസ്തര്‍ ഡഫ്‌ളോയ്ക്കും നോബേല്‍ പുരസ്‌കാരം നേടിക്കൊടുത്ത്.

ജഗ്ഗര്‍നട്ട്‌സ് ബുക്‌സിന്റെ സ്ഥാപകയും പബ്ലിഷറുമായ ചികി സര്‍ക്കാര്‍ പങ്കുവെച്ച ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഏപ്രണ്‍ ധരിച്ച് അടുക്കളയില്‍ പാചകത്തില്‍ മുഴുകി നില്‍ക്കുന്ന അഭിജിത് ബാനര്‍ജിയുടെയും അദ്ദേഹം തയ്യാറാക്കിയ  വിഭവങ്ങളുടെയും ചിത്രങ്ങളാണ് ഹിറ്റായത്. എള്ളിനൊപ്പം വേവിച്ചെടുത്ത പന്നിയിറച്ചി, തക്കാളി-ഉരുളക്കിഴങ്ങ് സോസിനൊപ്പം വാള്‍നട്ട് പെസ്റ്റോ, ബ്രസല്‍സ് മുളപ്പിച്ചത് എന്നിവയാണ് വിഭവങ്ങള്‍.  

 

അടുത്ത ആഴ്ച അഭിജിത് ബാനര്‍ജിയുടെ 'കുക്കിങ് ടു സേവ് യുവര്‍ ലൈഫ്' പാചകപുസ്തകം പുറത്തിറങ്ങും. ഇതിനു മുന്നോടിയായാണ് അദ്ദേഹത്തിന്റെ പാചകമെന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് ചികി സര്‍ക്കാര്‍ പറഞ്ഞു. പുസ്തകത്തിന്റെ പ്രമോഷന്റെ ഭാഗമായി അഭിജിത് ബാനര്‍ജി തയ്യാറാക്കിയ വിഭവങ്ങളുടെ വീഡിയോയും ജഗ്ഗര്‍നട്ട്ബുക്‌സ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Content highlights: nobel prize winner abhijith banerjee tured as an chef