പ്രതീകാത്മക ചിത്രം
ബാലുശ്ശേരി: സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്ന ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ.) നല്‍കുന്നത് നേരിട്ട് സ്ഥല-സ്ഥാപന പരിശോധനകളില്ലാതെ. വാര്‍ഷികവരുമാനം 12 ലക്ഷത്തില്‍ താഴെയുള്ള ഭക്ഷ്യകച്ചവടക്കാര്ക്ക് നൂറുരൂപ ഓണ്‍ലൈന്‍വഴി അടച്ചാല്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് നേടാം. 12 ലക്ഷം മുതല്‍ 20 കോടിവരെ വരുമാനമുള്ള കച്ചവടക്കാര്‍ 2000 രൂപയും ഭക്ഷ്യോത്പാദകര്‍ 3000 രൂപയും അടച്ച് സ്റ്റേറ്റ് ലൈസന്‍സ് നേടണം.
വര്‍ഷംതോറും പരിശോധനകളൊന്നുമില്ലാതെ ഓണ്‍ലൈന്‍വഴി രജിസ്ട്രേഷനും ലൈസന്‍സും പുതുക്കുകയും ചെയ്യാം. ഫോട്ടോ, തിരിച്ചറിയല്‍കാര്‍ഡ്, സ്വയംതയ്യാറാക്കിയ സത്യവാങ്മൂലം, വെള്ളം പരിശോധിച്ച സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വൈദ്യുതി-വെള്ളം ബില്‍, വാടക രസീത് തുടങ്ങിയവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്താല്‍ വെബ്സൈറ്റില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. കച്ചവടക്കാരും വകുപ്പും കൊട്ടിഘോഷിക്കുന്ന എഫ്.എസ്.എസ്.എ.ഐ. മുദ്രയുടെ യാഥാര്‍ഥ്യമറിയാതെ ജനങ്ങള്‍ കബളിപ്പിക്കപ്പെടുന്ന സ്ഥിതിയാണ്. 2006-ല്‍ പാര്‍ലമെന്റ് പാസാക്കുകയും 2011-ല്‍ സംസ്ഥാനത്ത് പ്രാബല്യത്തിലാവുകയുംചെയ്ത നിയമമനുസരിച്ച് ഭക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ കച്ചവടക്കാരും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എടുത്തിരിക്കണമെന്നുണ്ട്. വ്യാപാരിസംഘടനകള്‍ രജിസ്ട്രേഷന്മേളകള് നടത്തിയാണ് പലയിടങ്ങളിലും കച്ചവടക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് എടുത്തുനല്‍കുന്നത്.
ഭക്ഷ്യസുരക്ഷാവകുപ്പിനുകീഴില് മതിയായ ജീവനക്കാരില്ലാത്തതാണ് രജിസ്ട്രേഷന് ഘട്ടത്തിലെ പരിശോധനയ്ക്ക് തടസ്സമാവുന്നത്. ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ കീഴില്‍ 12 അസിസ്റ്റന്റ് കമ്മിഷണര്‍മാരും ഇവരുടെ കീഴില്‍ നിയമസഭാമണ്ഡലംതോറും ഓരോ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുമാണുള്ളത്. സ്റ്റാറ്റിയൂട്ടറി, സര്‍വയലന്‍സ് പരിശോധനകള്‍ക്കുപോലും വേണ്ടത്ര ജീവനക്കാരില്ലാത്തിടത്ത് രജിസ്ട്രേഷന് മുന്നോടിയായി സ്ഥല-സൗകര്യ പരിശോധന അപ്രായോഗികമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.
സംസ്ഥാനത്ത് 10 ലക്ഷത്തിലേറെ ഭക്ഷ്യോത്പാദകരും വിതരണക്കാരുമുണ്ടെന്നിരിക്കേ വെറും 160-ഓളം ഉദ്യോഗസ്ഥരാണ് വകുപ്പിനുകീഴിലുള്ളത്. നിലവില്‍ രജിസ്ട്രേഷനും ലൈസന്‍സുമൊക്കെ കാലഹരണപ്പെട്ട ഉത്പന്നങ്ങള്‍ കണ്ടെത്താന്‍പോലും ഇവര്‍ക്കു കഴിയുന്നില്ല.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ലൈസന്‍സ് അനുവദിക്കുമ്പോള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സ്ഥലപരിശോധനയും സാക്ഷ്യപ്പെടുത്തലും നിര്‍ബന്ധമാണെങ്കിലും മിക്കയിടത്തും നടക്കാറില്ല. പ്രാദേശികപരിഗണനകളും മറ്റുപല ഒത്തുതീര്‍പ്പുകളും കാരണം അപേക്ഷ നിരസിക്കാതെ ലൈസന്‍സ് നല്‍കുന്നതാണ് നിലവിലെ രീതി. ലൈസന്‍സ് പുതുക്കുന്ന ഘട്ടത്തില്‍ പരിശോധനാസാധ്യത മുന്നില്‍ക്കണ്ട് പല കച്ചവടസ്ഥാപനങ്ങളും താത്കാലികമായി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യും.
Content Highlights: safety registration certificate will get on payment of fee, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..