മുക്കം: ഓണാഘോഷത്തോടനുബന്ധിച്ച് മറുനാടന്‍തൊഴിലാളികള്‍ക്ക് സദ്യയൊരുക്കി വിദ്യാര്‍ഥികള്‍. മുക്കം നഗരസഭയിലെ നീലേശ്വരം ഹയര്‍സെക്കന്‍ഡറിസ്‌കൂളിലെ വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ ജോലിക്കെത്തിയ നൂറോളം മറുനാടന്‍തൊഴിലാളികള്‍ക്ക് സദ്യയൊരുക്കിയത്. അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ത്താന്‍ തിരുവമ്പാടി നിയോജകമണ്ഡലത്തില്‍നിന്ന് സര്‍ക്കാര്‍ തിരഞ്ഞെടുത്ത സകൂളാണ് നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ജോലിക്കെത്തിയ തൊഴിലാളികള്‍ക്കാണ് വിദ്യാര്‍ഥികള്‍ വിഭവസമൃദ്ധമായ സദ്യനല്‍കിയത്.

കുട്ടികളോടൊപ്പം ഒരുനേരം ഭക്ഷണംകഴിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഈവര്‍ഷത്തെ ഓണാഘോഷം ഓര്‍മകളില്‍സൂക്ഷിക്കുമെന്നും തൊഴിലാളികള്‍ പറഞ്ഞു. ജോര്‍ജ് എം. തോമസ് എം.എല്‍.എ, മുക്കം നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഹരീദ മോയിന്‍കുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍. ചന്ദ്രന്‍, സാലി സിബി, രജിത കുപ്പോട്ട്, പി.ടി. ബാബു തുടങ്ങിയവരും സദ്യയില്‍ പങ്കാളികളായി.

അധ്യാപക രക്ഷാകര്‍ത്തൃസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു

Content Highlights: neelashwram school conducted onam feast