ആവശ്യങ്ങള്‍ക്ക് പോലും പാല്‍ തികയാതിരുന്ന രാജ്യം ക്ഷീരോത്പാദനത്തില്‍ ലോകത്തിന്റെ നെറുകയിലെത്തിയ കഥ


2016-ലാണ് യു.എസിനെ മറികടന്ന് ഇന്ത്യ ലോകത്ത് പാലുത്പാദനത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

പ്രതീകാത്മക ചിത്രം | Mathrubhumi (Photo: Sreejith P. Raj)

ദിവസവുമുള്ള ആവശ്യത്തിന് പാല്‍ തികയാതിരുന്ന ഒരു രാജ്യമായിരുന്നു ഇന്ത്യ. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന നേട്ടം നേടിയെടുത്തിരിക്കുകയാണ്. ഈ നേട്ടത്തിലേക്ക് ഓടിയെത്താന്‍ ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് മലയാളിയായ ഡോ. വര്‍ഗീസ് കുര്യന്‍. അദ്ദേഹത്തിന്റെ ജന്മദിനമാണ് ദേശീയ ക്ഷീരദിനമായി ആഘോഷിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ധവളവിപ്ലവത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ 101-ാമത് ജന്മദിനമാണ് നവംബര്‍ 26-ന് ആഘോഷിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വാശ്രയ വ്യവസായമെന്ന നിലയില്‍ ക്ഷീരവ്യവസായത്തെ മാറ്റിയെടുക്കുന്നതിന് വര്‍ഗീസ് കുര്യന്‍ നടത്തിയ ശ്രമങ്ങള്‍ രാജ്യത്ത് വലിയ വിപ്ലവത്തിനാണ് സാക്ഷ്യം വഹിച്ചത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി 2014 നവംബര്‍ 26 മുതലാണ് കേന്ദ്ര മൃഗസംരക്ഷണം, ക്ഷീരോത്പാദന മന്ത്രാലയം ദേശീയ പാല്‍ദിനം ആചരിച്ച് തുടങ്ങിയത്.

മനുഷ്യന് ആവശ്യമായ ഫോസ്ഫറസ്, കാല്‍സ്യം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഡി, പൊട്ടാസ്യം തുടങ്ങിയ എല്ലാ അവശ്യപോഷകങ്ങളുടെയും കലവറയാണ് പാല്‍. ഇന്ത്യയുടെ ജി.ഡി.പി.യുടെ ഏകദേശം 5.4 ശതമാനവും സംഭാവന ചെയ്യുന്നത് ക്ഷീരമേഖലയാണ്. ഇന്ത്യയില്‍ ഇന്ന് ഗ്രാമീണ മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലും വരുമാനവും ഉറപ്പ് വരുത്തുന്ന മേഖലയാണിത്. ഇന്ന് 210 മില്ല്യണ്‍ ടണ്‍ പാലാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. ഇന്ന് ആഗോള ക്ഷീര ഉത്പാദനത്തിന്റെ 23 ശതമാനം സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്. 1950-51 കാലയളവില്‍ വെറും 17 മില്ല്യണ്‍ ടണ്‍ പാലുത്പാദനമാണ് ഇന്ത്യയില്‍ നടന്നിരുന്നത്. എന്നാല്‍, 2020-21 കാലയളവായപ്പോഴേക്കും ഇത് 209.96 മില്ല്യണ്‍ ടണ്‍ ആയി കുതിച്ചുയര്‍ന്നു. സ്വാശ്രയ ക്ഷീരസഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനവും വ്യാപനവുമാണ് രാജ്യത്തിന്റെ ഈ നേട്ടത്തിന് വേരുപാകിയത്.

2016-ലാണ് യു.എസിനെ മറികടന്ന് ഇന്ത്യ ലോകത്ത് പാലുത്പാദനത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇന്ന് രാജ്യം ക്ഷീരമേഖലയില്‍ നേടിയ എല്ലാ നേട്ടങ്ങള്‍ക്കും കടപ്പെട്ടിരിക്കുന്നത് വര്‍ഗീസ് കുര്യനോടാണ്.

മനുഷ്യജീവിതത്തില്‍ പാലിന്റെ മൂല്യത്തെക്കുറിച്ചും പാല്‍ കുടിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കുകയെന്നതാണ് ദേശീയ ക്ഷീരദിനം ആഘോഷിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ഡയറി അസോസിയേഷനാണ് (ഐ.ഡി.എ.) ദേശീയ ക്ഷീരദിനാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 1970-ല്‍ ഓപ്പറേഷന്‍ ഫ്‌ളഡ്(Operation Flood) എന്ന പേരില്‍ തുടങ്ങിയ ഗ്രാമീണ വികസന പദ്ധതിയായ നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് (എന്‍.ഡി.ഡി.ബി.) ആണ് രാജ്യത്തിന്റെ പാലുത്പാദനരംഗത്തെ വികസനക്കുതിപ്പിന് ആണിക്കല്ലായത്. രാജ്യമെമ്പാടും ക്ഷീരവിതരണ ശൃഖല വികസിപ്പിക്കാനും ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന നേട്ടം സ്വന്തമാക്കാനും രാജ്യത്തിന് തുണയായത് ഈ പദ്ധതിയാണ്. ഇതാണ് പിന്നീട് ധവളവിപ്ലവമെന്ന പേരില്‍ അറിയപ്പെട്ടത്. ധവളവിപ്ലവത്തിന്റെ വിത്ത് പാകിയതാകട്ടെ ഡോ. വര്‍ഗീസ് കുര്യനും. രാജ്യത്തെ പാലുത്പാദനം വര്‍ധിപ്പിക്കുക, ഗ്രാമീണ മേഖലയില്‍ വരുമാനം വര്‍ധിപ്പിക്കുക എന്നിവയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ക്ഷീരകര്‍ഷകര്‍ക്ക് ന്യായമായ പാല്‍വില ഉറപ്പുവരുത്താന്‍ കഴിഞ്ഞു എന്നതാണ് ധവളവിപ്ലവത്തിന്റെ പ്രധാന നേട്ടം. ഇതുവഴി പാലുത്പാദനവും ഗ്രാമീണമേഖലയിലെ വരുമാനവും വര്‍ധിപ്പിക്കാനായി.

Also Read

പാൽ കുടിക്കാത്ത കുര്യൻ പാൽ കുടിപ്പിച്ചു; ...

ഗുജറാത്തിലെ കെയ്‌റ ജില്ലയിലെ ആനന്ദ് എന്ന സ്ഥലത്താണ് വര്‍ഗീസ് കുര്യന്‍ ധവളവിപ്ലവത്തിന് തുടക്കം കുറിച്ചത്. ഇവിടെ ക്ഷീരവിഭാഗം ഓഫീസര്‍ ആയിട്ട് അഞ്ച് വര്‍ഷത്തോളം ജോലി ചെയ്തു. ശേഷം സര്‍ക്കാര്‍ ജോലി വിട്ട അദ്ദേഹം അവിടുത്തെ ക്ഷീരകര്‍ഷകരെ ഒന്നിപ്പിച്ച് കൊണ്ട് കെയ്‌റ ഡിസ്ട്രിക്ട് കോപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് (കെ.ഡി.സി.എം.പി.യു.എല്‍) എന്ന പേരില്‍ ക്ഷീരസഹകരണ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. ഇതാണ് പിന്നീട് അമൂല്‍ എന്ന സ്ഥാപനമായി രാജ്യമെമ്പാടും വളര്‍ന്ന് പന്തലിച്ചത്.

Content Highlights: national milk day 2022, dr verghese kurien, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented