തീവണ്ടികളില്‍ കിട്ടുന്ന ആഹാരത്തെക്കുറിച്ച് അത്ര നല്ല അഭിപ്രായമായിരിക്കില്ല, പല യാത്രക്കാര്‍ക്കും ഉണ്ടാവുക. രുചിയില്ലാത്തതു പോകട്ടെ, വൃത്തിയില്ലായ്മയും വിതരണം ചെയ്യുന്നതില്‍ സുരക്ഷിതത്വം പാലിക്കാത്തതുമാണ് പ്രധാന പ്രശ്‌നങ്ങള്‍.
 
ഇതിനു ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് റെയില്‍വേയും ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയും. സുരക്ഷിതമായ ആഹാരം നല്‍കുക, അത് ഉറപ്പുവരുത്താനും സുരക്ഷാ ഓഡിറ്റ് ചെയ്യാനും മൂന്നാമതൊരു ഏജന്‍സിയെ ഏര്‍പ്പെടുത്തുക.
 
ഇതാണ് ഇപ്പോഴത്തെ തീരുമാനം. മെനു ചുരുക്കി, തീവണ്ടികളില്‍ നല്‍കുന്ന ആഹാരം ഗുണനിലവാരമുള്ളതാക്കി മാറ്റാനുള്ള അതോറിറ്റിയുടെ തീരുമാനത്തിന്റെ തുടര്‍ച്ചയാണിത്.

ഇപ്പോഴത്തെ അവസ്ഥ
* കരാര്‍ പ്രകാരം ചുമതലപ്പെട്ടവരും അല്ലാത്തവരുമൊക്കെ ഇപ്പോള്‍ തീവണ്ടികളില്‍ ആഹാരം വില്‍ക്കാന്‍ നടക്കുന്നു.
* അംഗീകൃത ഏജന്‍സികളുടെ പ്രതിനിധികള്‍ ആരെന്നു യാത്രക്കാര്‍ക്ക് അറിയില്ല.
* ട്രേകളില്‍ തുറന്നുവച്ചുകൊണ്ട് പലഹാരങ്ങള്‍ വില്‍ക്കുന്നത് തീവണ്ടികളിലെ സ്ഥിരം കാഴ്ചയാണ്. അത് നിരുത്സാഹപ്പെടുത്താന്‍ ആരും തയ്യാറായിട്ടില്ല.
* പലഹാരത്തിന്റെ പേരു വിളിച്ചു പറഞ്ഞുകൊണ്ടുപോകുന്ന വില്‍പ്പനക്കാരന്റെ തുപ്പല്‍ തുറന്നിരിക്കുന്ന പലഹാരത്തില്‍ വിഴാനുള്ള സാധ്യ ഏറെയാണ്.
* ഒട്ടും നിലവാരമില്ലാത്ത ചായയും കാപ്പിയുമാണ് തീവണ്ടികളില്‍ കിട്ടുന്നത്.
* ചിക്കന്‍ - വെജിറ്റബിള്‍ ബിരിയാണികളും ഊണും തീരെ ഗുണമില്ലാത്തതാണ്.
* ചില പ്രധാന സ്റ്റേഷനുകളില്‍ നിന്ന് ആഹാരം കിട്ടുമെങ്കിലും അവയും ഗുണത്തിന്റെ കാര്യത്തില്‍ പിന്നിലാണ്.

നേരത്തേ സി.എ.ജി. റിപ്പോര്‍ട്ടില്‍ പറഞ്ഞത്
* തീവണ്ടികളിലെ ആഹാരം പലതും കഴിക്കാന്‍ യോഗ്യമല്ല.
* ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ചാണ് ആഹാരമുണ്ടാക്കുന്നത്.
* വൃത്തിഹീനമായ ചുറ്റുപാടിലാണ് തീവണ്ടികളിലും സ്റ്റേഷനുകളിലും ആഹാരം വിതരണം ചെയ്യുന്ന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
* ആഹാരസാധനങ്ങള്‍ മൂടിവയ്ക്കാത്തതിനാല്‍ എലിയും പാറ്റയുമൊക്കെ അവയുടെ മേല്‍ വന്നിരിക്കുന്നു
* നല്‍കുന്ന ആഹാരത്തിന്റെ അളവിലും കൃത്രിമം നടക്കുന്നു
* ആഹാരം ഉണ്ടാക്കുന്നതും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ റെയില്‍വേ സോണുകള്‍ തയ്യാറാക്കിയിട്ടില്ല.

സുരക്ഷാ ഓഡിറ്റ് വരുമ്പോള്‍ ആഹാരം ഉണ്ടാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഗുണപരമായ മാറ്റമുണ്ടാകുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷ. അടുത്തിടെ തേജസ് തീവണ്ടിയിലുണ്ടായ ഭക്ഷ്യവിഷബാധയും അതിനു മുമ്പുവന്ന സി.എ.ജി. റിപ്പോര്‍ട്ടുമാണ് സുരക്ഷാ ഓഡിറ്റ് വേണമെന്ന തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ എത്തിച്ചത്.
 
വിമാനയാത്രയിലെ സുഖസൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള തേജസ് തീവണ്ടിയിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ 24 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.