ഭൂമിക്കപ്പുറം ഒരു ലോകത്ത് ജീവന്‍ സാധ്യമാണോയെന്ന ഗവേഷണത്തിലാണ് ലോകരാജ്യങ്ങള്‍. ബഹിരാകാശത്ത് ചെടി വളര്‍ത്തിയും വിവിധ പരീക്ഷണങ്ങള്‍ നടത്തിയും അതിനുള്ള സാധ്യത ആരായുകയാണ് ബഹിരാകാശ ഗവേഷകര്‍. നാസയുടെ ബഹിരാകാശഗവേഷകര്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ഉണ്ടാക്കിയ മെക്സിക്കൻ വിഭവമായ ടാക്കോസ് ആണ് ശ്രദ്ധ നേടുന്നത്. ഈ ടാക്കോസിന് ഒരു പ്രത്യേകതയുണ്ട്. ബഹിരാകാശനിലയില്‍ നട്ടുവളര്‍ത്തിയ മുളക് ഉപയോഗിച്ചാണ് ടാക്കോസിലെ ഉള്ളില്‍ നിറയ്ക്കുന്ന ഫില്ലിങ്‌സ് തയ്യാറാക്കിയിരിക്കുന്നത്. നാലുമാസം മുമ്പാണ് മുളക് തൈകള്‍ നട്ടത്. ബഹിരാകാശത്ത് വിളവെടുത്ത മുളക് ഭൂമിയിലേക്ക് കൊണ്ടുവരുകയും ചെയ്തു. ആദ്യമായാണ് ബഹിരാകാശത്ത് ഇത്തരമൊരു വിളവെടുപ്പ് നടത്തുന്നതെന്ന് നാസ അവകാശപ്പെട്ടു. 

ബഹിരാകാശ ഗവേഷകയായ മേഗന്‍ മക്അര്‍തര്‍ ആണ് മുളകിന്റെയും മുളക് ചെടിയുടെയും ടാക്കോസിന്റെയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. ചുവന്നനിറമുള്ളതും പച്ചനിറമുള്ളതുമായി മുളക് ഉപയോഗിച്ച് ഞങ്ങള്‍ പാചകം ചെയ്തു. അതുപയോഗിച്ച് ഞാന്‍  ബഹിരാകാശനിലയത്തില്‍വെച്ച് ടാക്കോസ് ഉണ്ടാക്കി-മേഗന്‍ ട്വീറ്റ് ചെയ്തു. തക്കാളിയും മുളകും ചേര്‍ത്താണ് ടാക്കോസിന്റെ ഫില്ലിങ് തയ്യാറാക്കിയത്.

ബഹിരാകാശനിലയില്‍ ശനിയാഴ്ചയാണ് ആദ്യമായി മുളകിന്റെ വിളവെടുപ്പ് നടത്തിയത്. തങ്ങളുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പരീക്ഷണങ്ങളിലൊന്നാണ് ഇതെന്ന് നാസ അറിയിച്ചു. ഭൂമിയിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിത്ത് മുളയ്ക്കാനെടുക്കുന്ന സമയവും വളര്‍ച്ചാ സമയവും കൂടുതലാണെന്നതാണ് കാരണം.

ബഹിരാകാശനിലയത്തിലെ ഭൂരിഭാഗം ശാസ്ത്രജ്ഞരും പാക്ക് ചെയ്ത ഭക്ഷണമാണ് കഴിക്കുന്നത്. ഇത് ഗുണമേന്മയും പോഷകങ്ങളും കുറഞ്ഞ ഭക്ഷണം കഴിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. വളരെ വേഗത്തില്‍ വിളവെടുപ്പ് നടത്താന്‍ സാധിക്കുന്നതിനാലും വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാലുമാണ് സംഘം മുളക് കൃഷി ചെയ്യാന്‍ തീരുമാനിച്ചത്.

Content highlights: nasa astronauts make tacos, chillis grown in space, in a first time