ഒതുക്കുങ്ങല്‍: മലപ്പുറം ഒതുക്കുങ്ങല്‍ അമ്പലവന്‍ കുളപ്പുരയ്ക്കല്‍ ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികള്‍ പച്ചക്കരുവുള്ള മുട്ടയിട്ടത് അവയ്ക്ക് നല്‍കിയ ഭക്ഷണം കാരണമാണെന്ന് വെറ്ററിനറി സര്‍വകലാശാല ശാസ്ത്രസംഘം വ്യക്തമാക്കി.

ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികള്‍ പച്ചക്കരുവുള്ള മുട്ടയിടുന്നുവെന്ന് 'മാതൃഭൂമി' നല്‍കിയ വാര്‍ത്ത ശ്രദ്ധയില്‍ പ്പെട്ടതോടെ വെറ്ററിനറി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥിന്റെ നിര്‍ദ്ദേശപ്രകാരം ഒരു സംഘം ശാസ്ത്രജ്ഞര്‍ വീട്ടിലെത്തിയിരുന്നു. ഡോ. എസ്. ഹരികൃഷ്ണന്‍, ഡോ. ബിനോജ് ചാക്കോ, ഡോ. ശങ്കരലിംഗം എന്നിവരടങ്ങുന്ന സംഘമാണ് ഒതുക്കുങ്ങലെത്തി പരിശോധന നടത്തിയത്.

കോഴികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിലെ ഏതോ ഘടകമാവാം ഇതിന് കാരണമെന്ന് സംഘം നേരത്തേത്തന്നെ സൂചിപ്പിച്ചിരുന്നു. കോഴികളെ വളര്‍ത്തുന്ന സ്ഥലവും പരിസരവും നിരീക്ഷിച്ച സംഘം കൂടുതല്‍ പരിശോധനകള്‍ക്കായി കോഴിമുട്ട സാമ്പിളുകള്‍ ശേഖരിച്ച് മണ്ണുത്തിയിലെ കോഴിവളര്‍ത്തല്‍ ഉന്നതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികളെ പ്രത്യേക കൂട്ടിലിട്ട് വളര്‍ത്താനും ഏര്‍പ്പാടാക്കി.

രണ്ടാഴ്ച നല്‍കാനുള്ള ചോളവും സോയാബീനും ചേര്‍ന്ന സമീകൃതതീറ്റ സര്‍വകലാശാലാധികൃതര്‍ നല്‍കി. ഒരോ ആഴ്ചയിലും വരുന്ന മാറ്റം നിരീക്ഷിക്കാന്‍ ഒതുക്കുങ്ങല്‍ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ ഡോ. മായാ തമ്പിക്ക് നിര്‍ദ്ദേശവും നല്‍കി. കൂടുതല്‍ പഠനത്തിനായി കഴിഞ്ഞ തിങ്കളാഴ്ച സര്‍വകലാശാലാ അധികൃതര്‍ക്ക് ശിഹാബുദ്ദീന്‍ രണ്ട് കോഴികളെ കൈമാറിയിരുന്നു.

കേന്ദ്ര കോഴി വളര്‍ത്തല്‍ ഉന്നതപഠനകേന്ദ്രം ഡയറക്ടര്‍ ഡോ. പി. അനിതയുടെ നേതൃത്വത്തില്‍ കോഴികളില്‍ പഠനം തുടരുന്നതിനിടയില്‍ സര്‍വകലാശാലാ അധികൃതര്‍ നല്‍കിയ ഭക്ഷണം രണ്ടാഴ്ച കഴിച്ചശേഷം ഞായറാഴ്ച കോഴിമുട്ടയുടെ കരു മഞ്ഞ നിറമായി കാണാന്‍ തുടങ്ങി. ശിഹാബുദ്ദീന്‍ ഈ വിവരം സര്‍വകലാശാലാ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ശിഹാബുദ്ദീന്‍ സര്‍വകലാശാലയ്ക്ക് നല്‍കിയ കോഴികളിട്ട മുട്ടയും അധികൃതര്‍ പരിശോധിച്ചതോടെ നിറമാറ്റം സ്ഥിരീകരിക്കുകയായിരുന്നു.

ഇത്തരത്തിലുള്ള നിറമാറ്റംവരുത്താന്‍ കൊഴുപ്പില്‍ ലയിക്കുന്ന കൃത്രിമ നിറങ്ങള്‍ നല്‍കിയും, തീറ്റകളില്‍ മാറ്റം വരുത്തിയും സാധിക്കുമെന്ന് 1935ല്‍ത്തന്നെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് യാതൊരുവിധ ജനിത കമാറ്റവുമല്ലെന്ന് കണ്ടെത്താന്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഡോ.എസ്. ഹരികൃഷ്ണന്‍ പറഞ്ഞു.

Content Highlights: Mystery behind eggs with green yolk