ബിരിയാണി എന്നു കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറാത്തവര്‍ കുറവായിരിക്കും. അതു സൗജന്യമായി കൂടി കിട്ടിയാലോ? അതില്‍പരം സന്തോഷമുണ്ടാകില്ല. ക്ഷേത്രത്തിലെ പ്രസാദമായി കിട്ടുന്ന ബിരിയാണി എന്നുകൂടി അറിഞ്ഞാല്‍ എവിടെ കിട്ടും എന്ന് അന്വേഷിക്കാത്തവരും കുറവായിരിക്കും. മധുരയിലെ മുനിയാണ്ടി ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് വിതരണം ചെയ്യുന്ന പ്രസാദം മട്ടണ്‍ ബിരിയാണിയാണ്.
തിരുമംഗലം താലൂക്കിലെ വടക്കംപാട്ടി ഗ്രാമത്തിലാണ് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം സംഘടിപ്പിക്കുന്നത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മുനിയാണ്ടി ബിരിയാണി പ്രേമിയാണെന്നു വിശ്വസിക്കുന്നവരാണ് അവിടുത്തെ നാട്ടുകാര്‍. രണ്ടായിരം കിലോയോളം വരെ മട്ടണ്‍ ബിരിയാണിയാണ് ഫെസ്റ്റിവലിനു വേണ്ടി തയ്യാറാക്കുന്നത്.
നഗരത്തിലെ ഹോട്ടല്‍ ഉടമകളാണ് ഈ വ്യത്യസ്തമാര്‍ന്ന ഫെസ്റ്റിവലിനു നേതൃത്വം നല്‍കുന്നത്. 1937ലാണ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. വടക്കംപാട്ടി ഗ്രാമവാസികളിലൊരാള്‍ ഹോട്ടല്‍ ആരംഭിക്കുകയും അതു വിജയകരമാവുകയും ചെയ്തതോടെ മുനിയാണ്ടി ദൈവത്തിന് നന്ദി അര്‍പ്പിക്കാനായി തുടങ്ങിയതാണ് ആഘോഷമെന്നാണ് പറയപ്പെടുന്നത്.
ഇതിനകം നഗരത്തില്‍ നിരവധി മുനിയാണ്ടി വിലാസ് ഹോട്ടലുകളും ഉടലെടുത്തുകഴിഞ്ഞു. പ്രദേശവാസികള്‍ക്ക് മികച്ച നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കണമെന്ന ഉദ്ദേശത്തോടെ മുനിയാണ്ടി വിലാസ് എന്ന പേരില്‍ ആയിരത്തി അഞ്ഞൂറോളം ഹോട്ടലുകളെങ്കിലും ഉണ്ടെന്നാണ് കണക്കുകള്‍. ഈ റെസ്റ്റ്‌റന്റ് ഉടമകളെല്ലാം തങ്ങളുടെ ആദ്യത്തെ ഉപഭോക്താവില്‍ നിന്നുള്ള പണം ഫെസ്റ്റിവലിനു വേണ്ടി മാറ്റിവെക്കുകയും ചെയ്യുന്നുണ്ട്. ജനുവരി 24 മുതല്‍ 26 വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.
Content Highlights: Mutton Biryani Distributed As Prasad In Madurai Temple
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..