സുനിൽ ചന്ദ്രൻ അമ്മ പ്രമീളയ്ക്കും സാധനങ്ങൾ വാങ്ങാനെത്തിയ സുഹൃത്ത് ഹനീഫയ്ക്കുമൊപ്പം 'എന്റെ കേരളം' സ്റ്റാളിൽ
കോട്ടയ്ക്കല്‍: കഴിഞ്ഞയാഴ്ച തിരൂരില്‍ നടന്ന 'എന്റെ കേരളം' പ്രദര്‍ശനത്തില്‍ 'മോംസ് ടെസോറി' എന്നൊരു സ്റ്റാള്‍ ഉണ്ടായിരുന്നു. 'മോംസ് ടെസോറി'യെന്നാല്‍ അമ്മയുടെ നിധിയെന്നാണ് അര്‍ഥം. അത് ശരിവെക്കുംപോലെ ആ സ്റ്റാളില്‍ ഒരു അമ്മ തയ്യാറാക്കിയ അമൂല്യമായ കുറേ രുചിക്കൂട്ടുകള്‍ ഉണ്ടായിരുന്നു -അരയ്ക്കുതാഴെ തളര്‍ന്ന മകന്റെ ജീവിതം തിരിച്ചുപിടിക്കാനുള്ള സംരംഭം. സാമ്പാര്‍ പെട്ടെന്ന് ഉണ്ടാക്കാന്‍ സഹായിക്കുന്ന വറുത്തരച്ച തേങ്ങാക്കറി പേസ്റ്റും ചിക്കന്‍കറി പേസ്റ്റുമാണ് സ്റ്റാളിലെ അപൂര്‍വമായ ഇനങ്ങള്‍.
ആതവനാട് കുറുമ്പത്തൂരിലെ തിയ്യംതിരുത്തി കുമ്പളപ്പറമ്പില്‍ സുനില്‍ചന്ദ്രന്‍ ആരംഭിക്കുന്ന സംരംഭത്തിന്റെ ലോഞ്ച് കൂടിയായിരുന്നു ഈ സ്റ്റാള്‍. സുനിലും അമ്മ പ്രമീളയും ചേര്‍ന്ന് വീട്ടില്വെച്ചുണ്ടാക്കുന്ന ഉത്പന്നങ്ങളാണിവ.
വറുത്തരച്ച നാളികേരപേസ്റ്റ് അടിസ്ഥാനമാക്കിയുള്ള ഏതു കറികളും ഇതുകൊണ്ട് ഉണ്ടാക്കാമെന്ന് സുനില്‍ചന്ദ്രന്‍ പറഞ്ഞു. ഇത് സാധാരണ ഊഷ്മാവില്‍ സൂക്ഷിക്കാം. പൊടി ഉപയോഗിച്ച് കറികളുണ്ടാക്കുന്നതിനേക്കാള് രുചിയുണ്ടാകുമെന്നതും പ്രത്യേകതയാണ്. ചില്ലുകുപ്പിയില്‍ ഇത്തരം കറിക്കുഴമ്പുകള്‍ വില്‍ക്കുന്ന ആദ്യത്തെ സംരംഭമാണിതെന്ന് സുനില്‍ അവകാശപ്പെട്ടു. ചില്ലുകുപ്പിയിലായതിനാല് പ്രിസര്‍വേറ്റീവ്സ് ഇല്ലാതെതന്നെ കേടുകൂടാതെ ആറുമാസം വരെ സൂക്ഷിക്കാം. ഇപ്പോഴിറക്കിയ രണ്ടു കറിക്കുഴമ്പുകള്ക്കും 240 ഗ്രാമിന്റെ കുപ്പിക്ക് 190 രൂപയാണ് വില. കടകളില്‍ 230 രൂപയ്ക്ക് വില്‍ക്കും. ഇവയ്ക്ക് ഓര്‍ഡറുകള്‍ കിട്ടിത്തുടങ്ങി. ഇനി വിവിധതരം ചട്ണികള്‍, കടലക്കറി തുടങ്ങിയവയുടെ കറിപേസ്റ്റുകളും ഉടനെ ഇറക്കും.
സംരംഭം കൂടുതല്‍ വിപുലപ്പെടുത്തി തളരാതെ മുന്നേറാനാണ് സുനിലിന്റെ പരിപാടി. 2008-ല്‍ ഗള്‍ഫില്‍ വെച്ചുണ്ടായ അപകടത്തില്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ചാണ് സുനിലിന്റെ അരയ്ക്കുതാഴെ തകര്‍ന്നത്. പക്ഷേ, അതിലൊന്നും തളരാതെ ചക്രക്കസേരയിലിരുന്ന് ഒരു ചിരിയോടെ ജീവിതത്തെ നേരിട്ടു. വ്യവസായവകുപ്പിന്റെ ഒരു ക്ലാസില്‍നിന്നാണ് ബിസിനസ് ചെയ്യാനുള്ള പ്രേരണയുണ്ടാകുന്നത്.
2010 മുതല്‍ പല ബിസിനസുകളും പരീക്ഷിച്ചു. അവയൊന്നും ഉദ്ദേശിച്ച വിജയം കണ്ടില്ല. അങ്ങനെ ബിസിനസ് എന്ന ആശയംതന്നെ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. മൂന്നുവര്‍ഷം മുന്‍പ് ആഗ്രഹം വീണ്ടും തലപൊക്കി. അങ്ങനെയാണ് അമ്മയുടെ പാചകത്തിലുള്ള കഴിവ് ഉപയോഗപ്പെടുത്താമെന്ന ആശയമുണ്ടായത്. അച്ഛന് അഡ്വ. ടി.കെ. മോഹനനും ഇതിനോടു യോജിച്ചു.
സാധ്യതയേറിയ ഇനങ്ങള്‍ സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്തപ്പോള്‍ വറുത്തരച്ച നാളികേര കറിക്കൂട്ടില്‍ എത്തി. നാളികേരമില്ലാതെ മലയാളികള്‍ക്കൊരു കറിയില്ലല്ലോ. ചെറിയ രീതിയില്‍ കച്ചവടം തുടങ്ങാം എന്നു തീരുമാനിച്ച സന്ദര്‍ഭത്തിലാണ് കോവിഡ് തിരിച്ചടിയായത്. അടച്ചുപൂട്ടലില്‍ രണ്ടുവര്‍ഷത്തിലേറെ സംരംഭം നീണ്ടു. ഇപ്പോഴാണ് അത് യാഥാര്‍ഥ്യമായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..