കിഴക്കഞ്ചേരി: കിഴക്കഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഉച്ചഭക്ഷണവിഭങ്ങളുടെ പട്ടിക കണ്ടാൽ നാവിൽ വെള്ളമൂറും. എല്ലാദിവസവും എന്തെങ്കിലും സ്‌പെഷലുണ്ടാകും. ആഴ്ചയിലൊരിക്കൽ ഒരു നെയ്ച്ചോറോ ബിരിയാണിയോ ഉറപ്പാണ്. ഇടയ്ക്ക് ചിക്കൻ കറി. ഒന്നോ രണ്ടോ ദിവസം പാൽപ്പായസം. പാൽപ്പായസമില്ലെങ്കിൽ ബൂസ്റ്റ് പാൽ ഉറപ്പാണ്. സർക്കാർ നിർദേശിക്കുന്ന ചോറ്, മൂന്ന് കൂട്ടം കറി, പാൽ, മുട്ട എന്നിവയ്ക്കുപുറമെയാണ് സ്‌പെഷൽ വിഭവങ്ങൾ.

അധ്യാപകരാണ് ഇതിനെല്ലാം നേതൃത്വം നൽകുന്നത്. സ്‌കൂൾ തുറന്നദിവസം അധ്യാപകരായ ആശ അരവിന്ദും സോണിയ കെ. ആന്റോയും ചേർന്ന് കുട്ടികൾക്ക് പാൽപ്പായസം നൽകിയതാണ് തുടക്കം.

കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ എല്ലാ ദിവസവും എന്തെങ്കിലും സ്‌പെഷ്യൽ നൽകിയാലോ എന്ന് ആലോചനയായി. പ്രധാന അധ്യാപിക സി. സാഹിദയുടെ നേതൃത്വത്തിൽ സ്‌കൂളിലെ 30 അധ്യാപകർ ദൗത്യം ഏറ്റെടുത്തു. പി.ടി.എ. യും പിന്തുണ നൽകി. അധ്യാപകരുടെ വീടുകളിൽ പിറന്നാളോ വിവാഹവാർഷികമോ തുടങ്ങി എന്തെങ്കിലും വിശേഷങ്ങളുണ്ടാകുമ്പോൾ അന്നത്തെദിവസം അവരുടെവകയാണ് പായസം.

ഓരോ അധ്യാപകരും അവരവരുടെ വീട്ടുവളപ്പിൽ വിളയുന്ന പച്ചക്കറികളും സ്‌കൂളിലെത്തിക്കും. ഇതോടെ വ്യത്യസ്ത കറിക്കൂട്ടുകളും ഉച്ചഭക്ഷണത്തിൽ ഇടംപിടിച്ചു. ചില കുട്ടികൾ പാൽ കുടിക്കാൻ മടികാണിച്ചപ്പോഴാണ് ബൂസ്റ്റ് ചേർത്ത പാൽ എന്ന ആശയം വന്നത്. ക്ലാസ് ഒഴിവനുസരിച്ച് അധ്യാപകരും പാചകത്തിനുണ്ടാകും.

ബിരിയാണി, നെയ്ച്ചോറ്, ചിക്കൻ കറി തുടങ്ങിയ വിഭവങ്ങൾക്കുള്ള തുകയ്ക്കായി ഓരോ അധ്യാപകരും അവരവർക്ക് കഴിയുംപോലെ ഒരു വിഹിതം നൽകും. ഒരു കുട്ടിക്ക് സർക്കാർ നൽകുന്ന വിഹിതമായ എട്ട് രൂപയും ഇതോടൊപ്പം ചേർക്കും. ക്ലാസുകൾ ഷിഫ്റ്റ് അനുസരിച്ചായതിനാൽ അഞ്ചുമുതൽ എട്ടാം ക്ലാസ് വരെ ഒരു ദിവസം 125 കുട്ടികളാണ് സ്‌കൂളിലെത്തുന്നത്.

Content Highlights: mid day meal kerala, noon meal, noon meal programme, kizhakkanchery govt higher secondary school