സാമൂഹിക ഇടങ്ങളില്‍ എപ്പോഴും ശ്രദ്ധേയമായ തീരുമാനങ്ങളുമായി സജീവമാണ്  മിഷേല്‍ ഒബാമ. ഇപ്പോഴിതാ കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു കുക്കറി ഷോയുമായി രംഗത്തെത്തിയിരിക്കുകയാണ് മിഷേല്‍. 

വാഫ്‌ളെസ് പ്ലസ് മോച്ചി (Waffles + Mochi) എന്നാണ് ഷോയുടെ പേര്. വാഫ്‌ളെസ് എന്നും മോച്ചിയെന്നും പേരുള്ള രണ്ട് പാവകള്‍ക്കൊപ്പമാണ് മിഷേലിന്റെ ഷോ. പുതിയ രണ്ട് സുഹൃത്തുക്കള്‍ എന്നാണ് പരിപാടി അനൗണ്‍സുചെയ്തുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മിഷേല്‍ കുറിക്കുന്നത്. 

'ഇത് നല്ല ഭക്ഷണത്തെകുറിച്ചാണ്, അത് കണ്ടെത്താന്‍ , പാകം ചെയ്യാന്‍, കഴിക്കാന്‍... ഇവര്‍ രണ്ടാളും നമ്മളെ ലോകത്തിലെ പലതരം രുചിക്കൂട്ടുകളിലേക്ക് കൊണ്ടുപോകും, പുതിയ തരം ചേരുവകള്‍ പരീക്ഷിക്കും. ' പരിപാടിയെ പറ്റി മിഷേല്‍ തുടരുന്നത് ഇങ്ങനെ. 

'കുട്ടികള്‍ക്ക് ഈ പരിപാടി ഇഷ്ടമാകും, മുതിര്‍ന്നവര്‍ക്ക് ചിരിക്കാനുള്ള വകയും നല്‍കും, ഒപ്പം ചില അടുക്കളയിലെ കുറുക്കു വഴികളും.' ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ മിഷേല്‍ പറയുന്നു.

കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ പാചക പരിപാടിയെന്നും, തന്റെ മക്കള്‍ ചെറുപ്പമായിരുന്നപ്പോള്‍ ഇത്തരത്തിലുള്ള പരിപാടികള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും മിഷേല്‍ പറയുന്നുണ്ട്.

Content Highlights: Michelle Obama launches new food series for children