കൊച്ചി: കോവിഡ് രൂക്ഷമാകുമ്പോള്‍ ആരും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടാതിരിക്കാന്‍ 25 രൂപയ്ക്കുള്ള ഊണുമായി വീണ്ടും കുടുംബശ്രീ. ജനകീയ അടുക്കളയില്‍ ഓണ്‍ലൈന്‍ ഡെലിവറി അടക്കം സജ്ജമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ മിഷന്‍. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് വിവിധ സ്ഥലങ്ങളിലായി ഒറ്റപ്പെട്ടു പോയവര്‍ക്കും ക്വാറന്റീനില്‍ കഴിഞ്ഞവര്‍ക്കുമടക്കം കുടുംബശ്രീയുടെ ജനകീയ ഭക്ഷണശാലകള്‍ ഭക്ഷണം എത്തിച്ചിരുന്നു. തുടക്കത്തില്‍ കടുത്ത നിയന്ത്രണങ്ങളുള്ള ശനിയും ഞായറും മാത്രമേ വാര്‍ഡ് മെമ്പര്‍മാരും കൗണ്‍സിലര്‍മാരും വഴി ഓര്‍ഡറുകള്‍ എടുക്കുകയുള്ളു. ഹോം ഡെലിവറിക്ക് 25 രൂപയാണ് ഈടാക്കുന്നത്. പ്രത്യേക കറികള്‍ വേണമെങ്കില്‍ അതിനുള്ള അധികം പണം നല്‍കണം. സംസ്ഥാനത്ത് കുടുംബശ്രീയുടെ 1,064 ജനകീയ ഭക്ഷണശാലകളുണ്ട്. ജില്ലയില്‍ 106 എണ്ണവും നഗരപരിധിയില്‍ 16 എണ്ണവും ആണ് പ്രവര്‍ത്തിക്കുന്നത്.

അന്നശ്രീ ആപ്പും സജീവം

അന്നശ്രീ' ആപ്പ് വഴി കളമശ്ശേരി, തൃക്കാക്കര എന്നിവിടങ്ങളിലെ മദര്‍ കിച്ചണുകള്‍ വഴിയുള്ള ഭക്ഷണ വിതരണവും കുടുംബശ്രീ നടത്തുന്നുണ്ട്. അന്നശ്രീ ആപ്പ് വഴിയുള്ള ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്നതും കുടുംബശ്രീ അംഗങ്ങളാണ്.

ഭക്ഷണ വിതരണത്തോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ ഭാഗമാകും. എ.ഡി.എസ്., സി.ഡി.എസ്., കുടുംബശ്രീ അംഗങ്ങള്‍ക്ക് വാര്‍ഡ് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുള്ള പ്രത്യേക ഓണ്‍ലൈന്‍ ക്ലാസുകളും നല്‍കി.

സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജനകീയ ഭക്ഷണശാലകളുടെ പ്രവര്‍ത്തനത്തിലും കുടുംബശ്രീ ജനങ്ങള്‍ക്കൊപ്പമുണ്ട്. കോവിഡ് നിയന്ത്രണങ്ങളില്‍ ജനം ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥ വരരുത്. അന്നശ്രീ ആപ്പ് വഴിയുള്ള സേവനങ്ങളും നന്നായി നടക്കുന്നുണ്ട്. ഈ സൗകര്യങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.എ. അജിത്ത് പറയുന്നു.

Content Highlights: Meals for 25 rs kudumbasree project during corona pandemic