പരപ്പനങ്ങാടിയിലെ മീൻമാർക്കറ്റിൽ വിൽപ്പനയ്ക്കെത്തിച്ച പുഴയിലെയും അഴിമുഖത്തെയും മീനുകൾ
പരപ്പനങ്ങാടി: കാലാവസ്ഥയിലെ മാറ്റം കടല്‍മീനുകള്‍ക്ക് ക്ഷാമമുണ്ടാക്കിയപ്പോള്‍ വിപണിയില്‍ നിറഞ്ഞ് പുഴ, അഴിമുഖ, വളര്‍ത്തു മീനുകള്‍. ഇതിന് ആവശ്യക്കാര്‍ ഏറെയുണ്ടെന്നതിനാല്‍ വിലയും അധികമാണ്.
കാലാവസ്ഥയിലെ മാറ്റം മീന്‍ലഭ്യത വളരെ കുറച്ചിരുന്നു. കാലംതെറ്റിയെത്തിയ മഴയും കാറ്റും കാരണം കടലില്‍ പോകുന്നതിന് വിലക്കുവന്നതോടെ കടല്‍മീന്‍ ക്ഷാമം രൂക്ഷമായി. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നാണിപ്പോള്‍ കടല്‍മീന്‍ എത്തിക്കുന്നത്.
കൂടുതല്‍ ദിവസമെടുത്ത് എത്തുന്ന മീനിന് രുചിക്കുറവും പഴക്കവും കാരണം ആളുകള്‍ വാങ്ങാനും മടിക്കുന്നു. ഇതും പുഴമീനുകള്‍ക്ക് 'ഡിമാന്‍ഡ്' കൂട്ടി.
കര്‍ഷകര്‍ക്ക് നല്ലകാലം
കോവിഡ് കാരണം മറ്റു ജോലികള്‍ തടസ്സപ്പെട്ടതോടെ മീന്‍വളര്‍ത്തല്‍ തുടങ്ങിയ പലരും ഇപ്പോഴുമിത് മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. സാമാന്യം വില ലഭിക്കുന്നുണ്ടെന്നത് ആശ്വാസമാണ്.
ഫിഷറീസ് വകുപ്പ് പൊതു ജലാശയങ്ങളിലും മറ്റും മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞവര്‍ഷം 22 ലക്ഷം മീന്‍കുഞ്ഞുങ്ങളാണ് നിക്ഷേപിച്ചത്.
തിരുത മുതല്‍ പുയ്ത്തി വരെ
വിപണിയിലെത്തുന്ന പുഴയിലെയും അഴിമുഖങ്ങളിലെയും മീനിനും വളര്‍ത്തുമത്സ്യങ്ങള്‍ക്കും വലിയ വിലയാണ്. മത്സ്യത്തിന്റെ കുറവാണ് വില വര്‍ധിപ്പിക്കുന്നത്.
തിരുത, ചെമ്പല്ലി ഉള്‍പ്പെടെ മത്സ്യമാര്‍ക്കറ്റില്‍ എത്തുന്നുണ്ട്. വലിയ വിലയാണെങ്കിലും ആവശ്യക്കാര്‍ ഏറെയാണെന്ന് പരപ്പനങ്ങാടിയിലെ മത്സ്യവ്യാപാരി പാട്ടിന്റെപുരയ്ക്കല്‍ സിദ്ദീഖ് പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..