ബിടൗണില്‍ തിളങ്ങിയപ്പോഴും മോഡലിങ് രംഗത്തെ ചേര്‍ത്തുപിടിച്ച അപൂര്‍വം താരങ്ങളിലൊരാളാണ് മലൈക അറോറ. കൃത്യമായ ഫിറ്റ്‌നസ് പിന്തുടരുന്നതു കൊണ്ടാണ് പ്രായം കൂടുതോറും സൗന്ദര്യവും കൂടുന്ന നടിമാരുടെ കൂട്ടത്തില്‍ മലൈകയും ഉള്ളത്. ഇത്ര മനോഹരമായി ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന മലൈക പിന്തുടരുന്ന ഡയറ്റ് അറിയാന്‍ കാത്തിരിക്കുന്ന ആരാധകരുമുണ്ട്. 

അടുത്തിടെ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മലൈക അക്കാര്യം പങ്കുവെക്കുകയും ചെയ്തു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് മലൈക പറയുന്നു. ഒപ്പം വെള്ളം കുടിക്കുന്ന കാര്യത്തിലും വിട്ടുവീഴ്ച്ചയില്ല. 

ഭക്ഷണം പാഷനാണെങ്കിലും അമിതമായി കഴിക്കുന്ന ശീലം തനിക്കില്ലെന്നും മലൈക പറയുന്നു. താലി ഫുഡ് ഏറെ ഇഷ്ടമാണെങ്കിലും അവ മുഴുവനായി ഇതുവരെ കഴിച്ചിട്ടില്ല. കലോറി ധാരാളമുള്ള ഭക്ഷണം ഒഴിവാക്കുന്നതിനൊപ്പം പരമാവധി വീട്ടില്‍ തന്നെ ഉണ്ടാക്കുന്നവ കഴിക്കാനാണ് താല്‍പര്യം. മിതമായും ആരോഗ്യപ്രദവുമായ ഭക്ഷണം എന്നതാണ് തന്റെ രീതി. 

നട്‌സും ഫ്രൂട്ട്‌സും ധാരാളം കഴിക്കും,ഒപ്പം തേങ്ങാവെള്ളമോ പഴം/പച്ചക്കറി എന്നിവ കൊണ്ടുള്ള ജ്യൂസോ കഴിക്കും. രാത്രി ചെറിയ തോതില്‍ മാത്രമേ ഭക്ഷണം കഴിക്കുവെന്നും മലൈക പറയുന്നു.

Content Highlights: malaika arora diet