മഹാരാഷ്ട്രയിലെ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ പ്രസിദ്ധമാണ്. പൂര്‍ണകായ ഗണേശ വിഗ്രഹങ്ങളും വലിയ മേലാപ്പുള്ള പന്തലുകളൊക്കെ കെട്ടി പത്തുദിവസം നീളുന്നതാണ് ആഘോഷം.

ഗണപതിക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങളുണ്ടാക്കുന്നതും ആഘോഷങ്ങളുടെ ഭാഗമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മോദക് എന്ന വിഭവമാണ്. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആരാധനാമൂര്‍ത്തിക്ക് വേണ്ടി പല രുചിയിലും വര്‍ണത്തിലുമൊക്കെ മോദക് ഭക്തര്‍  തയ്യാറാക്കാറുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള സാഗര്‍ബേക്കറി തയ്യാറാക്കിയ സ്‌പെഷ്യല്‍ മോദകാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. സ്വര്‍ണത്തിലാണ് ഈ മോദക് ഉണ്ടാക്കിയിരിക്കുന്നത്.

സ്വര്‍ണനിറത്തിലുള്ള മോദക്കിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ഭക്ഷ്യയോഗ്യമായ സ്വര്‍ണ ലീഫ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഒരു കിലോയ്ക്ക് 12,000 രൂപയാണ് വില. സ്വര്‍ണ മോദക്കിനു പുറമെ വെള്ളി മോദക്കുള്‍പ്പടെ 25 തരത്തിലുള്ള മോദക്കുകൾ ഇവര്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരുന്നു. 

ആളുകളില്‍നിന്ന് സ്വർണ മോദക്കിന് വലിയ തോതിലുള്ള പ്രതികരണമാണ് ലഭിച്ചതെന്ന് ബേക്കറി ഉടമ ദീപക് ചൗധരിയെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ടു ചെയ്തു. 25 തരത്തിലുള്ള മോദക്കുകൾ ഇത്തവണ ഉണ്ടാക്കി. എല്ലാം വിറ്റുപോയി-ചൗധരി അവകാശപ്പെട്ടു.

Content highlights: maharashtra sweet shop sold golden modak during ganesh chaturthi