കോഴിക്കോട്: കര്‍ക്കടകം വന്നതോടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സില്ലാതെയും വലിയ വില ഈടാക്കിയും ഔഷധക്കഞ്ഞിക്കൂട്ടുകള്‍ വില്‍ക്കുന്നതായി പരാതി. കുറഞ്ഞയളവില്‍ ധാന്യങ്ങളും പേരിനുമാത്രം മരുന്നും ഉള്‍ക്കൊള്ളിച്ച് വലിയ വില ഈടാക്കുന്നെന്നാണ് പരാതി.

ഇത്തവണ കോവിഡ് കാരണം പല പ്രമുഖ ബ്രാന്‍ഡുകളും ഔഷധക്കഞ്ഞി വിപണിയില്‍ ഇറക്കിയിട്ടില്ല. ഇതു മുതലെടുത്താണ് പലരും ചേരുവകള്‍ പേരിന് ഉള്‍പ്പെടുത്തി ഔഷധക്കഞ്ഞിക്കൂട്ട് വില്‍ക്കുന്നത്. പ്രാദേശികമായി കഞ്ഞിക്കൂട്ടുകളില്‍ വ്യത്യാസമുണ്ടെങ്കിലും നവര അരിയും നവധാന്യങ്ങളും എല്ലായിടങ്ങളിലും നിര്‍ബന്ധമാണ്. എന്നാല്‍, ഇതുപോലുമില്ലാത്ത പായ്ക്കറ്റുകളും വിപണിയിലുണ്ട്.

പായ്ക്കറ്റിനുപുറത്ത് ചേരുവകളും അളവും വ്യക്തമാക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശമുണ്ട്. ഇതൊന്നുമില്ലാത്ത പായ്ക്കറ്റുകളുമുണ്ട്. നാലോ അഞ്ചോ ധാന്യങ്ങളും 100 ഗ്രാം മരുന്നും ഉള്‍ക്കൊള്ളുന്ന പായ്ക്കറ്റിന് വില 190 മുതല്‍ 250 വരെ രൂപയാണ്. ഇത് രണ്ടുദിവസത്തേക്കുപോലും തികഞ്ഞില്ലെന്ന് വടകര സ്വദേശിയായ ബിന്ദു അരവിന്ദ് പറഞ്ഞു.

പായ്ക്കറ്റുകളില്‍ ലഭിക്കുന്ന ഔഷധക്കഞ്ഞി ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കുമെന്നാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഓരോരുത്തരുടെ ശരീരപ്രകൃതിക്കനുസരിച്ചാണ് ധാന്യങ്ങള്‍ ചേര്‍ക്കേണ്ടത്. ഉദാഹരണത്തിന് പ്രമേഹമുള്ളയാള്‍ കാര്‍ബോഹൈഡ്രേറ്റ് കൂടിയ ധാന്യങ്ങളടങ്ങിയ കഞ്ഞി കഴിക്കുന്നത് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാവും.

ഔഷധക്കഞ്ഞിയുടെ പ്രാധാന്യം
മഴക്കാലത്ത് ശരീരത്തിന് ബലം കുറയും. ബലവര്‍ധക ഭക്ഷണം എന്ന രീതിയിലാണ് കര്‍ക്കടകത്തില്‍ ഔഷധക്കഞ്ഞി തയ്യാറാക്കുന്നത്. കഞ്ഞിക്കൊപ്പം ഔഷധങ്ങളും ധാന്യങ്ങളുംകൂടി ശരീരത്തിലേക്ക് എത്തുമ്പോള്‍ പ്രതിരോധ ശേഷി വര്‍ധിക്കുന്നു.

കുടുംബശ്രീ ഔഷധക്കഞ്ഞിക്കൂട്ടിന്റെ വില
700 ഗ്രാം- 170 രൂപ
1400 ഗ്രാം- 320 രൂപ
ഫാമിലി പായ്ക്ക്- 600 രൂപ

മറ്റു പ്രമുഖ ബ്രാന്‍ഡുകളുടെ വില
500 ഗ്രാം- 220
100 ഗ്രാം മരുന്ന് + 300 ഗ്രാം നവരയരി- 160 രൂപ

നിര്‍ദേശപ്രകാരം ഉപയോഗിക്കുക
സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും ധാന്യങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കേണ്ട ഒന്നല്ല ഔഷധക്കഞ്ഞി. ഡോക്ടറുടെ നിര്‍ദേശപ്രകാരം ചേരുവകളും അളവും കണക്കാക്കി മാത്രമേ കഴിക്കാന്‍ പാടുള്ളൂ.
-ഡോ. കെ.എം. മന്‍സൂര്‍,
ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദം

5000 രൂപ വരെ പിഴ
ലൈസന്‍സ് ഇല്ലാതെ ഔഷധക്കഞ്ഞിക്കൂട്ടുകള്‍ വിറ്റാല്‍ 5000 രൂപ പിഴയീടാക്കാം. പായ്ക്കറ്റിന് പുറത്ത് ചേരുവകള്‍, അളവ്, തൂക്കം എന്നിവ രേഖപ്പെടുത്തണം. പരിശോധന കര്‍ശനമാക്കും
-എം.ടി. ബേബിച്ചന്‍
അസിസ്റ്റന്റ് കമ്മിഷണര്‍, ഭക്ഷ്യസുരക്ഷാവിഭാഗം

Content Highlights: low quality Karkidaka Kanji packets may leads to health issues experts warns, Food, Health