തിരുവനന്തപുരം: കേക്ക് പായ്ക്കറ്റിനുള്ളില്‍ ജീവനുള്ള പുഴുക്കളെ കണ്ടതിനെ തുടര്‍ന്ന് കേക്ക് നിര്‍മാണ സ്ഥാപനം ഭക്ഷ്യസുരക്ഷാ അധികൃതര്‍ പൂട്ടിച്ചു. തിരുവനന്തപുരം കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഏരിയയിലെ മധുരം ബേക്കേഴ്സ് എന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പൂട്ടിച്ചത്. 

ഈ സ്ഥാപനത്തില്‍ നിന്നുള്ള കേക്കിന്റെ പൊട്ടിക്കാത്ത പായ്ക്കറ്റിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജിന് സമീപത്തുനിന്നുള്ള ഒരു സ്ഥാപനത്തില്‍ നിന്നായിരുന്നു പരാതിക്കാരന്‍ കേക്ക് വാങ്ങിയത്.

വീട്ടിലെത്തി കേക്ക് എടുത്തപ്പോഴാണ് കവറിനുള്ളില്‍ പുഴുക്കള്‍ നുരയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ കേക്ക് ഉള്‍പ്പെടെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. 

ഇതേ ബ്രാന്റ് കേക്കില്‍ മുന്‍പും പുഴുക്കളെ കണ്ടെത്തിയിരുന്നതായും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യം മധുരം ബേക്കേഴ്സ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

തുടര്‍ന്ന് ചൊവ്വാഴ്ച ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊച്ചുവേളിയിലെ സ്ഥാപനത്തില്‍ പരിശോധന നടത്തി. തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.

സ്ഥാപനത്തിനെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണോ പിഴയീടാക്കണോ എന്ന കാര്യം ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ തീരുമാനിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ ശിവകുമാര്‍ അറിയിച്ചു.