കോഴിക്കോട് ജില്ലാ മൃഗാശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന രുചിക്കൂട്ട് ജനകീയഹോട്ടലിൽ ഉച്ചയൂണ് പൊതിയുന്നു
ഉച്ചയ്ക്ക് 12 മണിയോടടുക്കുന്ന നേരം. കുടുംബശ്രീയുടെ ജനകീയ ഭക്ഷണശാലയില്‍ ചോറ് പൊതിഞ്ഞുകെട്ടുന്നതിന്റെ തിരക്കാണ്. ആവി പറക്കുന്ന ചോറ് വിളമ്പി, അരികില്‍ അച്ചാറും തൊടുകറിയുമെല്ലാം ചേര്‍ത്ത് പൊതിഞ്ഞുകെട്ടി അടുക്കിവെക്കുകയാണ് കുടുംബശ്രീപ്രവര്‍ത്തകര്‍. അപ്പോഴേക്കും കോഴിക്കോട് വയനാട് റോഡ് ജില്ലാ മൃഗാശുപത്രിക്ക് സമീപമുള്ള ഹോട്ടലിന് വെളിയില്‍ നീണ്ട നിരതന്നെ രൂപപ്പെട്ടു. 20 രൂപയ്ക്കുള്ള ഊണ് വാങ്ങാനാണ് ഈ കാത്തുനില്‍പ്പ്.
കുടുംബശ്രീയുടെ കീഴില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിയ മിക്ക ജനകീയ ഭക്ഷണശാലകളിലെയും കാഴ്ച ഇത്തരത്തിലാണ്. വിശപ്പുരഹിത നഗരമെന്ന സ്വപ്നത്തിന് പിന്നില്‍ തുടങ്ങിയതാണ് പത്ത് ഭക്ഷണശാലകള്‍. ലോക്ഡൗണ്‍ കാലത്ത് എല്ലായിടത്തും പ്രതിസന്ധി അനുഭവപ്പെടുമ്പോള്‍ അതിനെ മറികടന്ന് മുന്നേറുകയാണിവര്‍.
'കടത്തില്‍നിന്നാണ് 'രുചിക്കൂട്ടി'ന്റെ തുടക്കം. പാത്രങ്ങളുള്‍പ്പെടെ എല്ലാം കടം. പക്ഷേ, ആത്മാര്‍ഥമായി അധ്വാനിച്ചാല്‍ നടക്കാത്തതൊന്നുമില്ലെന്ന് ബോധ്യമായി. കടങ്ങളൊക്കെ വീട്ടിത്തുടങ്ങി. സ്വന്തംപാത്രങ്ങളായി. ദിവസം അഞ്ഞൂറോളം ഉച്ചയൂണ് പോകുന്നുണ്ട്. കോര്‍പ്പറേഷന്‍ കുടുംബശ്രീയും ജില്ലാമിഷനും ആണ് ഓരോഘട്ടത്തിലും സഹായമുറപ്പാക്കിയത്. ഇപ്പോള്‍ ഞങ്ങള്‍ എല്ലാവരുടെയും വീട്ടിലേക്ക് കൃത്യമായി വരുമാനമെത്തുന്നുണ്ട്. നല്ല ഭക്ഷണം വൃത്തിയായി രുചിയോടെ നല്‍കുന്നതില്‍ ഒരു വീട്ടുവീഴ്ചയും വരുത്തുന്നില്ല' എന്ന് രുചിക്കൂട്ട് ജനകീയ ഹോട്ടല്‍ നടത്തുന്ന എ.എന്‍. ശ്യാമള പറയുന്നു
മൂന്നുമാസം, നല്‍കിയത് ഒന്നരലക്ഷം പൊതിച്ചോറ്
ജനകീയഹോട്ടല്‍ തുടങ്ങിയത് മേയ് പകുതിയിലാണ്. ഘട്ടംഘട്ടമായാണ് പത്തിടത്തായി ഇവ തുടങ്ങിയത്. ഓഗസ്റ്റ് 21 വരെ വിറ്റത് 1,42,966 പൊതിച്ചോറാണ്. അതിലൂടെ ലഭിച്ചത് 28,59,320 രൂപയും. ഒരു ദിവസം ശരാശരി 2,000-2,500 ഉച്ചയൂണാണ് വിളമ്പുന്നത്.
കോര്‍പ്പറേഷനിലെ മൂന്ന് സി.ഡി.എസിന് കീഴിലാണ് ഹോട്ടലുകള്‍. അഞ്ചുപേരുള്ള യൂണിറ്റിനാണ് നടത്തിപ്പുചുമതല. ലോക്ഡൗണ്‍കാലത്ത് സാമൂഹികഅടുക്കളയില്‍ നിന്നാണ് പല ഭാഗത്തും ഭക്ഷണം എത്തിച്ചിരുന്നത്. അത് അവസാനിപ്പിച്ചതോടെയാണ് ചെറിയ തുകയ്ക്ക് ഉച്ചയൂണ് നല്‍കുന്ന ഹോട്ടല്‍ തുറന്നത്.
കോവിഡായതിനാല്‍ ഇരുന്ന് കഴിക്കാനുള്ള സംവിധാനമില്ല. പൊതിച്ചോറ് കൊണ്ടുപോകാം. വിവിധ സ്ഥാപനങ്ങളിലേക്കെല്ലാം പാഴ്സലായി കൊണ്ടുപോകും. അതിന് അഞ്ചുരൂപ അധികം നല്‍കണം. ചോറ്, കറി, തൊടുകറി, തോരന്‍, അച്ചാര്‍ എന്നിവയാണ് വിഭവങ്ങള്‍. ചില ഹോട്ടലുകള്‍ പൊരിച്ചമീനും ചിക്കന്‍കറിയുമെല്ലാം നല്‍കുന്നുണ്ട്. അതിന് അധികത്തുക നല്‍കണം. ഓട്ടോഡ്രൈവര്‍മാര്‍, വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍, ആശുപത്രികളിലെ കൂട്ടിരിപ്പുകാര്‍ എന്നിവരെല്ലാമാണ് പതിവുകാര്‍.
ഹോട്ടല്‍ തുടങ്ങുന്ന സമയത്ത് സൗകര്യങ്ങള്‍ ഒരുക്കാന്‍ കുടുംബശ്രീ 50,000 രൂപ നല്‍കുന്നുണ്ട്. 20 രൂപയുടെ ഊണിന് പത്തുരൂപ സബ്സിഡിയുണ്ട്. കുടുംബശ്രീ ജില്ലാമിഷന്‍ വഴിയാണ് നല്‍കുന്നത്. 30,000 രൂപ കോര്‍പ്പറേഷന്‍ വര്‍ക്കിങ് ഗ്രാന്‍ഡ് നല്‍കും. ഇതിന് കൗണ്‍സിലിന്റെ അംഗീകാരമായിട്ടുണ്ട്. വാടക, വൈദ്യുതി, വെള്ളം തുടങ്ങിയതിന്റെ പണവും നല്‍കും.
'ചിട്ടയോടെയുള്ള പ്രവര്‍ത്തനമാണ് ജനകീയ ഹോട്ടലുകളുടേത്. കോവിഡിനെത്തുടര്‍ന്ന് പല മേഖലയിലും പ്രതിസന്ധി ഉണ്ടായപ്പോള്‍ ജനകീയഹോട്ടലുകള്‍ നല്ല നിലയില്‍ മുന്നോട്ടുപോകുന്നു.' കോര്‍പ്പറേഷന്‍ കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ ടി.കെ. പ്രകാശന്‍ പറയുന്നത് ഇങ്ങനെ.
Content Highlights: Kudumbasree started Janakeeya Hotels during corona pandemic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..