കുന്നംകുളം: തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കെത്തുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യാന്‍ കുടുംബശ്രീ അംഗങ്ങള്‍ തയ്യാറെടുക്കുന്നു. പുതുക്കാട് മണ്ഡലത്തിലെയും കുന്നംകുളം നഗരസഭയിലെയും ബൂത്തുകളില്‍ ഇതിനുള്ള ധാരണയായി.

പോളിങ് സാമഗ്രികളുമായി ബൂത്തിലെത്തുന്ന ഉദ്യോഗസ്ഥരുടെ അടുത്തെത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍ ഭക്ഷണവിവരങ്ങള്‍ അന്വേഷിക്കും. തിങ്കളാഴ്ച രാത്രി ഭക്ഷണം, ചൊവ്വാഴ്ച പ്രഭാതഭക്ഷണം, പത്തിന് ചായയും ലഘുഭക്ഷണവും, ഉച്ചയ്ക്ക് ഊണ്, വൈകീട്ട് നാലിനും ആറരയ്ക്കുശേഷവും ചായ എന്നിങ്ങനെയാണ് തയ്യാറാക്കുക. ഇതിനുള്ള നിരക്കുകള്‍ സംരംഭകഗ്രൂപ്പുകള്‍ക്ക് നിശ്ചയിച്ചുനല്‍കും. നിയോജകമണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് സംരംഭക ഗ്രൂപ്പുകളുമായി സഹകരിച്ച് സംവിധാനം ഒരുക്കാനാണ് തീരുമാനമെന്ന് കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ്‌കുമാര്‍ പറഞ്ഞു.

കുന്നംകുളം നഗരസഭയ്ക്ക് കീഴിലെ ബൂത്തുകളെ ആറ് മേഖലകളായിത്തിരിച്ച് വിതരണം ചെയ്യുന്നതിനാണ് തീരുമാനം. പൊതിച്ചോറുകള്‍ ഒഴിവാക്കും. കഴുകിവൃത്തിയാക്കി ഉപയോഗിക്കാവുന്ന പാത്രങ്ങളിലാകും നല്‍കുക. ഇതിലൂടെ ബൂത്തുകളിലെ മാലിന്യത്തിന്റെ അളവ് കുറയ്ക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. പോളിങ് ബൂത്തുകളില്‍നിന്ന് മാലിന്യം യഥാസമയം നീക്കംചെയ്യുന്നതിന് ഹരിതകര്‍മസേന, കുടുംബശ്രീ അംഗങ്ങളെയും ചുമതലപ്പെടുത്തുന്നുണ്ട്-ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജ്യോതിഷ്‌കുമാര്‍ പറഞ്ഞു.

Content Highlights:  Kudumbasree food for polling officials