കാവീട്: ഓലമറച്ചുണ്ടാക്കിയ ‘കൃഷ്‌ണേട്ടന്റെ ചായപ്പീടിക’യിൽ ഞായറാഴ്ച നല്ല തിരക്കായിരുന്നു. മൺമറഞ്ഞുപോയ പഴയ ചങ്ങാതിക്കുറിയുടെ പുനരാവിഷ്‌കാരമായിരുന്നു അവിടെ. ഞായറാഴ്ച ഉച്ചതിരിഞ്ഞ് കാവീട് ഗ്രാമവാസികൾ ഒരുക്കിയ ചായക്കടയും ചങ്ങാതിക്കുറിയും പുതിയതലമുറയ്ക്ക് പുതുമയായി.

പുട്ടും പൂവൻപഴവും കടലയും കഴിച്ച് നിശ്ചിത സംഖ്യ കുറിപ്പുസ്തകത്തിൽ വരി വെച്ച് ആളുകൾ മടങ്ങി. അനുപമ ക്ലബ്ബാണ് ഇതിന് നേതൃത്വം നൽകിയത്. മോഹൻ നായരായിരുന്നു ‘കൃഷ്‌ണേട്ടൻ’ എന്ന ചായപ്പീടികക്കാരനായത്. വി.പി. ഹരിഹരൻ വരിസംഖ്യ പിരിക്കുന്നയാളായി. കടയിലേക്ക് ആദ്യം ചായക്കുടിയ്ക്കാൻ വന്നത് നടൻ ശിവജി ഗുരുവായൂരായിരുന്നു.

എ. സായിനാഥൻ, ശശി ആഴ്ചത്ത്, സുരേഷ് ബാബു, ടി.കെ. സ്വരാജ്, സുനിത അരവിന്ദൻ, പ്രേമനാഥൻ തുടങ്ങിയവരും എത്തി.

പത്രപാരായണവും ചായക്കുടിയുമായി ചായക്കടയിലെ മരബഞ്ചിലിരുന്ന് അവർ സമകാലിക രാഷ്ട്രീയത്തിന്റെ ചുടുചർച്ചകളിലായി. ആ ഗ്രാമത്തിലെ കുട്ടികളുമെത്തി ചായപ്പീടിക സംസ്‌കാരത്തിന്റെ നാട്ടുചന്തമറിഞ്ഞു. പണ്ടുകാലത്ത് പണം കടം കൊടുത്താൽ അത് തിരിച്ചുകിട്ടുന്നതിന് ചായക്കടകളിൽ 'ചങ്ങാതിക്കുറികൾ' നടത്തുക പതിവായിരുന്നു. അതിന്റെ പുനരാവിഷ്‌കാരമായിരുന്നു ഗ്രാമവാസികളുടെ കൂട്ടായ്മയിൽ നടന്നത്. ഇവിടെ പണ്ട് കൃഷ്‌ണേട്ടന്റെ ചായപ്പീടികയുണ്ടായിരുന്നു. അതിന്റെ പകർപ്പാണ് പുനരാവിഷ്‌കരിച്ചത്.

Content Highlights: Krishnettan chayapedia, Chayakkada, kaveed village, traditional hotels in Kerala