വിവാഹദിനം എല്ലാവര്‍ക്കും മറക്കാനാവാത്ത ദിവസമായിരിക്കും. ആ ദിവസം മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ പലവഴികള്‍ കണ്ടെത്തുന്നവരുണ്ട്. കൊല്‍ക്കത്തയില്‍ നിന്നുള്ള വധൂവരന്‍മാര്‍ കണ്ടെത്തിയ മാര്‍ഗം വൈറലാകുകയാണ് ഇപ്പോള്‍. വിവാഹ റിസപ്ഷനിലെ ഭക്ഷണത്തിന്റെ മെനുകാര്‍ഡ് ആധാര്‍ രൂപത്തില്‍ പ്രിന്റ് ചെയ്താണ് ഇവര്‍ സോഷ്യല്‍മീഡിയയില്‍ താരങ്ങളായിരിക്കുന്നത്. 

ആധാര്‍ കാര്‍ഡിന്റെ അതേ രൂപത്തിലാണ് ഈ മെനു കാര്‍ഡ്. കാര്‍ഡില്‍ വരന്റെയും വധുവിന്റെയും പേരുകളും എഴുതിയിട്ടുണ്ട്. വധു സുബര്‍ണ വരന്‍ ഗോഗോല്‍ എന്നിവരാണ് ഈ വ്യത്യസ്തമായ മെനുവിന് പിന്നില്‍. ആധാര്‍ കാര്‍ഡിലെ നിറങ്ങളും ബാര്‍കോഡും എല്ലാം മെനുവിലും ഉണ്ട്. സ്റ്റാര്‍ട്ടേഴ്‌സ് മുതല്‍ ഡെസേര്‍ട്ട് വരെ നിളുന്ന വിഭവങ്ങളുടെ പേരും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വെഡ്ഡിങ് ദിനമായ 2021 ഫെബ്രുവരി ഒന്ന് എന്നതാണ് ആധാര്‍ നമ്പര്‍.

കാര്‍ഡിന്റെ മുന്‍ഭാഗത്ത് ഐഡി ഫോട്ടോയില്‍ വരന്റെയും വധുവിന്റെയും ഫോട്ടോയും നല്‍കിയിരിക്കുന്നു. മറുഭാഗത്ത്  ഈ കാര്‍ഡിന് ഇന്നുവരെയെ കാലാവധി ഉണ്ടായിരിക്കൂ എന്നും കുറിച്ചിട്ടുണ്ട്. ഒപ്പം കേറ്ററിങ് സെന്ററിന്റെ പേരും.

Content Highlights: Kolkata couple’s Aadhar-themed menu card on wedding day