ദുബായ്: അറബ് വിഭവങ്ങളുടെ പാചകമത്സരത്തില്‍ അറബികളെ മറികടന്ന് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി ബീഗം ഷാഹിനയ്ക്ക് ഒന്നാംസ്ഥാനം. അബുദാബിയിലെ സാംസ്‌കാരികോത്സവമായ അല്‍ ഹൊസന്‍ ഫെസ്റ്റിവലിന്റെഭാഗമായി നടത്തിയ ഇമറാത്തി പാചകമത്സരത്തിലാണ് വിവിധ രാജ്യക്കാരെ പിന്നിലാക്കി ഷാഹിന മുന്നിലെത്തിയത്.

യു.എ.ഇ., അര്‍ജന്റീന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് മത്സരാര്‍ഥികളുണ്ടായിരുന്നു. നേരത്തേ ഒരുപാട് പാചകമത്സരങ്ങളില്‍ ഷാഹിന വിജയിയായിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പരസ്യം കണ്ടാണ് അല്‍ ഹൊസന്‍ ഫെസ്റ്റിവലിന്റെ ഭാഗമാവാന്‍ തീരുമാനിച്ചത്.

അറബ് പാചകത്തില്‍ ഇന്ത്യന്‍രീതികള്‍ സന്നിവേശിപ്പിക്കലായിരുന്നു മത്സരത്തിലെ വെല്ലുവിളി. നെയ്മീന്‍കൊണ്ടുള്ള ഇമറാത്തി വിഭവമാണ് ഫൈനലില്‍ തയ്യാറാക്കിയത്. ഇന്ത്യന്‍ കപ്പയും മീനും മനസ്സില്‍ കണ്ടുകൊണ്ടാണ് ഈ വിഭവം തയ്യാറാക്കിയതെന്ന് ഷാഹിന പറഞ്ഞു. ആദ്യം നെയ്മീന്‍ റോസ്റ്റ് ഉണ്ടാക്കി. അതിലേക്ക് ഉരുളക്കിഴങ്ങ് ഉടച്ചുചേര്‍ത്ത് അറബിക് രീതിയിലാക്കിമാറ്റി. യു.എ.ഇ.യില്‍ ജനിച്ചുവളര്‍ന്ന പാചകവിദഗ്ധരെപ്പോലും പിന്നിലാക്കുന്നതായിരുന്നു ആ രുചിക്കൂട്ട്.

ആദ്യ ഇമറാത്തി ഇന്റര്‍നാഷണല്‍ ഷെഫ് മുസാബി അല്‍ കാബിയായിരുന്നു മുഖ്യ വിധികര്‍ത്താവ്. 10,000 ദിര്‍ഹം(ഏകദേശം 1,95,834 രൂപ) സമ്മാനത്തുകയ്ക്കുപുറമേ അടുത്ത വര്‍ഷത്തെ മത്സരത്തിലെ വിധിനിര്‍ണയസമിതിയിലും ഷാഹിന ഇടംപിടിച്ചു. 11 വര്‍ഷമായി യു.എ.ഇ.യില്‍ താമസിക്കുന്ന ഷാഹിന ബയോടെക്‌നോളജി ബിരുദധാരിണിയാണ്.

ഷാഹിന അടുത്തകാലത്താണ് പാചകത്തിലേക്ക് പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിച്ചത്. വിവിധമത്സരങ്ങളില്‍ വിജയിയായതോടെ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങി ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. 'മാതൃഭൂമി' ഉത്സവത്തിലും റംസാന്‍ നൈറ്റിലും പാചകമത്സരത്തില്‍ ഷാഹിനയ്ക്കായിരുന്നു ഒന്നാംസ്ഥാനം. ചാവക്കാട് സ്വദേശി അബ്ദുല്‍ റഷീദാണ് ഭര്‍ത്താവ്. റഷ, ഇഷ, ഷെസ എന്നിവരാണ് മക്കള്‍.

Content Highlights: keralite won first prize in abu dhabi cookery competition