തിരുവനന്തപുരം: കൊതിയൂറും വിഭവങ്ങളുമായി സര്‍ക്കാര്‍വക തട്ടുകടകള്‍ വരുന്നു. വൃത്തിയുള്ള സാഹചര്യങ്ങളില്‍ തെരുവോര ഭക്ഷണം വിളമ്പുകയാണു ലക്ഷ്യം. ആദ്യത്തെ തെരുവോര ഭക്ഷണകേന്ദ്രം ആലപ്പുഴയില്‍ തുടങ്ങും. നടപടി വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറി ആലപ്പുഴ കളക്ടര്‍ക്കു കത്തയയ്ക്കും. ആലപ്പുഴയ്ക്കുശേഷം തിരുവനന്തപുരത്തെ ശംഖുംമുഖം, ഫോര്‍ട്ട്കൊച്ചി എന്നിവിടങ്ങളിലും തുടങ്ങും. വര്‍ക്കലയില്‍ മാതൃകാ തെരുവോര ഭക്ഷണ ഹബ് സ്ഥാപിക്കാനും നടപടിയുണ്ടാകും.
ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാനതല ഉപദേശകസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്, കൃത്യമായ മാലിന്യസംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കിയാകും ഇത്തരം കേന്ദ്രം പ്രവര്‍ത്തിക്കുക. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും.
ഭക്ഷ്യസുരക്ഷാ മാനദണ്ഡം കൃത്യമായി പാലിക്കുന്ന കടകള്‍ക്കും ഹോട്ടലുകള്‍ക്കും 'വാങ്ങാന്‍ സുരക്ഷിതം, കഴിക്കാന്‍ സുരക്ഷിതം' എന്ന സര്‍ട്ടിഫിക്കറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കും. ഇത് മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്നതോടെ ജനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ കിട്ടും. ഭക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധവുമാക്കും.
Content Highlights: safer street food, Street Food stalls, Street Food Hub