തിരുവനന്തപുരം: വിപണിയില്‍ കിട്ടുന്ന മീനിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മീന്‍പിടിത്തക്കാര്‍ക്ക് ന്യായവില ഉറപ്പാക്കാനും ഇടത്തട്ടുകാരുടെ ചൂഷണം തടയാനും ഇതില്‍ വ്യവസ്ഥകളുണ്ടാവും. 

ബോട്ടുനിര്‍മാണ യാഡുകള്‍ക്കും വലനിര്‍മാണത്തിനും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന കടല്‍ മത്സ്യബന്ധനനിയന്ത്രണ ഭേദഗതി സഭയില്‍ മന്ത്രി അവതരിപ്പിച്ചു. മീന്‍പിടിത്തവലകളുടെ ഉത്പാദനവും കണ്ണികളുടെ വലിപ്പവും നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ബില്ലിലുണ്ട്. ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ചു. 

കേരളതീരത്ത് ഇപ്പോള്‍ 37,521 മീന്‍പിടിത്ത ബോട്ടുകളുണ്ട്. എന്നാല്‍ 15,138 എണ്ണം മാത്രമേ പാടുള്ളൂവെന്നാണ് നിയമം - മന്ത്രി പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന്, ഹൈബി ഈഡന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.