യെസ് പൊണ്ടം ജ്യൂസ് കടയിൽ അബ്ദുൾ റഹ്‌മാൻ പുതിയ വിഭവമായ കരിക്ക് ദിൽവാലേയുമായി
കാസർകോട്: കുറച്ചുനാളായി കാസർകോട് നഗരത്തിലെ സംസാരവിഷയമാണ് കരിക്ക് ദിൽവാലേ. യുവാക്കളും കുടുംബങ്ങളും ഒരുപോലെ ചന്ദ്രഗിരി കവലയിലെ യെസ് പൊണ്ടം ജ്യൂസിലേക്ക് എത്തുകയാണ് ദിൽവാലേ ആസ്വദിക്കാൻ.
അബ്ബാസ് ബീഗവും അബ്ദുൾ റഹ്‌മാനുമാണ് കടയുടെ ഉടമസ്ഥർ. പുതിയ വിഭവങ്ങൾ പരീക്ഷിക്കുവാനുള്ള അബ്ദുൾ റഹ്‌മാന്റെ താത്പര്യമാണ് കരിക്ക് ദിൽവാലേ എന്ന പുതിയ വിഭവം കണ്ടെത്തുന്നതിന് കാരണമായത്. മൂന്ന് മാസമായി വിൽപന ആരംഭിച്ചിട്ട്. ഒരു മാസത്തോളം നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് ഈ ഇനം ഒരുക്കിയെടുത്തത്.
കരിക്ക് നടുവിൽ ചെത്തി ഉള്ളിലെ ഇളനീർ കാമ്പിനൊപ്പം കരിക്ക് ഷെയ്ക്ക്, ഉണങ്ങിയ പഴങ്ങൾ, പഴങ്ങൾ, ബദാം, പിസ്ത, അണ്ടിപ്പരിപ്പ്, ഐസ്‌ക്രീം തുടങ്ങി പന്ത്രണ്ടോളം ഇനങ്ങൾ ഒന്നിച്ച് ചേരുമ്പോൾ ദിൽവാലേ റെഡിയാകും. കരിക്കിന് മുകളിൽ അവ പ്രത്യേകരൂപത്തിൽ ഒരുക്കിവയ്ക്കുമ്പോൾ കാണാനും കേമം.
രണ്ടുപേർക്ക് ആസ്വദിച്ച് കഴിക്കാൻ മാത്രമുണ്ട്. കുട്ടികളാണെങ്കിൽ നാലുപേർക്ക്. രാവിലെ 11 മുതൽ രാത്രി 10 വരെയാണ് കടയിൽ ദിൽവാലേ ലഭിക്കുക.
വിൽപന ആരംഭിച്ചത് മുതൽ കടയിൽ മുഴുവൻസമയവും തിരക്കാണ്. പുതിയ വിഭവം ഒരുങ്ങിയിട്ടും ആളുകളെ ആകർഷിക്കുന്ന പേര് കണ്ടെത്താൻ അബ്ദുൾ റഹ്‌മാൻ ഏറെ സമയമെടുത്തിരുന്നു. നാല് പേരുകൾ പരിഗണിച്ചു.
അതിൽ ഏത് എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ് ദിൽവാലേ എന്ന പേര് തെളിഞ്ഞതെന്ന് അബ്ദുൾ റഹ്‌മാൻ പറയുന്നു. പൊണ്ടം ജ്യൂസ് ആരംഭിച്ചിട്ട് രണ്ട് വർഷമായി. ജ്യൂസ്,ഷെയ്ക്ക്,പുഡിങ്,കേക്ക് എന്നിങ്ങനെ 25-ഓളം കരിക്ക് വിഭവങ്ങൾ ഇവിടെയുണ്ട്.
Content Highlights: karikku, karikku recipes, tender coconut, tender coconut icecream
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..